October 24, 2024
October 24, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു. ഗതാഗത നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. ഈ നിയമത്തിൽ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും ശിക്ഷയും നിശ്ചയിച്ചിട്ടുണ്ട്. കരട് രേഖ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന് സമർപ്പിച്ചിരിക്കുകയാണ്.
ഈ വർഷം ആദ്യം മുതൽ ജൂണ്‍ അവസാനം വരെ 76,452 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിക്കപ്പെട്ടു. ശബ്ദനിയന്ത്രണം ലംഘിച്ചതിന് 4228 കേസുകൾ റജിസ്റ്റർ ചെയ്തു. കാർ ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചതിന് 1095 വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചതായും മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ വ്യക്തമാക്കി. ഈ പുതിയ നിയമത്തിലൂടെ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് മാറ്റുന്നതിനും പുതിയ നിയമം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.