ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ
September 19, 2024
September 19, 2024
ന്യൂസ്‌റൂം ബ്യുറോ
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30–ാം സീസണ്‍ പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് പുതിയ സീസൺ. ഫെസ്റ്റിവലിൽ ലോകത്തെ പ്രമുഖരായ കലാകാരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കും.
തത്സമയ ഗാനമേളകളടക്കം 321 പരിപാടികൾ അരങ്ങേറും. 1,000-ലധികം ആഗോള-പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിങ് ഡീലുകൾ താമസക്കാർക്ക് എത്തിക്കുന്നതോടൊപ്പം, മാർക്കറ്റ് ഔട്ട്സൈഡ് ദ് ബോക്സിലും കാന്റീന് എക്സിലും ഔട്ട്ഡോർ പോപ്-അപ് കമ്മ്യൂണിറ്റി അനുഭവങ്ങളും സമ്മാനിക്കും. ഉത്സവ അനുഭവങ്ങൾ, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങൾ, തീം പാർക്കുകളിലേക്കുള്ള യാത്രകൾ, ഔട്ട്ഡോർ സാഹസിക യാത്രകൾ, സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.
താമസക്കാർക്കും സന്ദർശകർക്കും ദുബായ് ലൈറ്റ്‌സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര ഡ്രോൺ ഷോകൾ എന്നിവയും സൗജന്യമായി കാണാനാകും. യുഎഇയുടെ ശൈത്യകാല മാസങ്ങളിൽ ഉത്സവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഡിഎസ്എഫ് ഇവന്റുകളുടെ ഗൈഡ് ഉടൻ അനാച്ഛാദനം ചെയ്യും.