August 29, 2024
August 29, 2024
ദുബായ്: ദുബായിൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നാളെ (ഓഗസ്റ്റ് 30) മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പിലേക്കും തിരിച്ചും അരമണിക്കൂർ ഇടവേളയിൽ പുതിയ സർവീസ് ഉണ്ടാകും. എഫ്39 ബസ് ആണ് ഈ റൂട്ടിൽ ഓടുക. എഫ് 40 ബസ് ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ് സ്ട്രീറ്റ് 78ലേക്കും തിരിച്ചും അര മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും. റൂട്ട് 31 നിർത്തലാക്കിയ ശേഷമാണ് പുതിയ രണ്ട് സർവീസുകളാക്കുന്നത്.
റൂട്ട് എഫ്56 നിർത്തിലാക്കിയതിന് പകരം എഫ് 58, എഫ് 59 എന്നീ പുതിയ റൂട്ടുകളിൽ സർവീസ് നടത്തും. എഫ്58 അൽ ഖെയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കും തിരിച്ചും അരമണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും. എഫ്59 ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേക്കും തിരിച്ചും 30 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തും.
റൂട്ട് 21 ഇനി മുതൽ 21എ, 21 ബി എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. 21 എ അൽ ഖൂസിൽ ക്ലിനിക്കൽ പതോളജി സർവീസ് ബസ് സ്റ്റോപ് ഒന്നിൽ നിന്ന് ആരംഭിച്ച് അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്ക് എത്തും. 21 ബി ഇവിടെ നിന്ന് തിരിച്ച് ഇതേ റൂട്ടിൽ സർവീസ് നടത്തും. റൂട്ട് 61ഡി റൂട്ട് 66ലും, റൂട്ട് 95, റൂട്ട് 95എയിലും യോജിപ്പിച്ചു. റൂട്ട് 95എ ഇനി മുതൽ ജബൽ അലി വാട്ടർ ഫ്രണ്ടിലെ വെനേറ്റോയിൽ നിന്ന് ആരംഭിച്ച് പാർക്കോ ഹൈപ്പർ മാർക്കറ്റിലേക്ക് സർവീസ് നടത്തും.
റൂട്ട് 6 ബസിന്റെ യാത്ര ചുരുക്കിയിട്ടുണ്ട്. ഊദ് മേത്തയിൽ നിന്ന് ആരംഭിച്ച് ദുബായ് ഹെൽത്ത് കെയർ സിറ്റി വരെ മാത്രമായിരിക്കും ഇനി 6ാം നമ്പർ ബസ് ഓടുക. ഗുബൈബ സ്റ്റേഷനിലേക്കുള്ള യാത്ര റദ്ദാക്കി. ജബൽ അലി ഫ്രീ സോൺ ഉൾപ്പെടുന്ന രീതിയിൽ റൂട്ട് 99 സർവീസ് പരിഷ്കരിച്ചു. എഫ്31 ബസിന് ദ് ഗ്രീൻസിലും, എഫ് 45ൽ അൽ ഫുർജാനിലും പുതിയ സ്റ്റോപുകൾ അനുവദിച്ചു. ഇന്റർ സിറ്റി സർവീസായ ഇ700 ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫുജൈറയിലേക്കു പോകും. നേരത്തെ യൂണിനിൽ നിന്നാണ് ഇ700 സർവീസ് ആരംഭിച്ചിരുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F