ദുബായ്: ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന സന്ദർശകർക്കായി സീസണൽ ബസ്, അബ്ര സർവിസുകൾ ആരംഭിച്ചതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 102, യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേകളിൽ സർവിസ് നടത്തുന്ന റൂട്ട് 103, അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 106 എന്നിവയാണ് ആരംഭിച്ചത്. ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും ആനന്ദകരവുമായി യാത്ര അനുഭവം സമ്മാനിക്കാവുന്നതരത്തിലാണ് ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.
ഒക്ടോബർ 16നാണ് ദുബായ് ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ ആരംഭിച്ചത്. 2025 മെയ് 11 വരെയാണ് പരിപാടി. ഒരാൾക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (
www.globalvillage.ae) എൻട്രി ടിക്കറ്റുകൾ എടുക്കാം.
ദിർഹം 25: പ്രതിവാര ടിക്കറ്റ് (പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ സാധുത)
ദിർഹം 30: ഏത് ദിവസവും പ്രവേശിക്കാം.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സൗജന്യമാണ്. ഞായർ മുതൽ ബുധന്‍ വരെ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 12 മണി വരെയും, വ്യാഴം മുതൽ ശനി വരെ വൈകിട്ട് 4 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് സന്ദർശനം അനുവദിക്കുക. ചൊവ്വാഴ്ചകൾ (പൊതു അവധി ദിനങ്ങൾ ഒഴികെ) കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കുമായി മാത്രമായി നീക്കിവച്ചിരിക്കുന്നു.
അതേസമയം, ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് പോകാൻ അജ്മാനിൽ നിന്നും ബസ് സർവീസുണ്ട്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. അൽമുസല്ല ബസ് സ്റ്റേഷനിൽനിന്ന് 3 ബസ്സും ഗ്ലോബൽ വില്ലേജിൽ നിന്ന് 3 ബസ്സും ഉൾപ്പെടെ മൊത്തം 6 ബസ്സുകൾ സർവീസ് നടത്തും. ഉച്ച കഴിഞ്ഞ് 2.15നാണ് അജ്മാനിൽ നിന്ന് ആദ്യ ബസ് പുറപ്പെടുക. അവസാനത്തേത് 6.15നുമായിരിക്കും. ഗ്ലോബൽ വില്ലേജിൽ നിന്ന് 3.45ന് ആദ്യ ബസ്സും പുലർച്ചെ 12.30ന് അവസാന ബസ്സും പുറപ്പെടും. വാരാന്ത്യങ്ങളിൽ പുലർച്ചെ 1.30നായിരിക്കും അവസാന ബസ് ഗ്ലോബൽ വില്ലേജിൽ നിന്ന് പുറപ്പെടുക.