2017ന് ശേഷം ബഹ്‌റൈൻ അംബാസഡർ ഖത്തറിൽ ചുമതലയേറ്റു
July 29, 2024
July 29, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ ബഹ്‌റൈൻ അംബാസഡറെ നിയമിച്ചു. 2017-ലെ ഗൾഫ് സഹകരണ കൗൺസിൽ പ്രതിസന്ധിക്ക് ശേഷമാണ് ഖത്തറിന് ബഹ്‌റൈനിലേക്കുള്ള ആദ്യ സ്ഥാനപതിയെ നിയമിച്ചത്. പ്രശ്ന പരിഹാരത്തിന് പിന്നാലെ 2023 ഏപ്രിലിൽ ഖത്തറും ബഹ്‌റൈനും ബന്ധം പുനഃസ്ഥാപിച്ചിരുന്നു. വിള്ളലിന് ശേഷമുള്ള ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പായാണിത് കണക്കാക്കുന്നത്.
പുതിയ ബഹ്‌റൈൻ അംബാസഡർ മുഹമ്മദ് ബിൻ അലി അൽ ഗാതമിന്റെ യോഗ്യതാപത്രം ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ മുറൈഖി ഇന്നലെ (ഞായറാഴ്ച) സ്വീകരിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അംബാസഡറുടെ ചുമതലകളിൽ വിജയിക്കട്ടെയെന്നും വിദേശകാര്യ സഹമന്ത്രി ആശംസിച്ചു. വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ സഹകരണത്തിനായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 12ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ദോഹയിലേക്കുള്ള നയതന്ത്ര ദൗത്യത്തിന്റെ തലവനായി അൽ ഖാതമിനെ "അംബാസഡർ എക്‌സ്‌ട്രാഓർഡിനറി ആൻഡ് പ്ലിനിപോട്ടൻഷ്യറി" ആയി നിയമിച്ചിരുന്നു. അതേ ദിവസം തന്നെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബഹ്റൈനിൽ ദോഹയുടെ പുതിയ അംബാസഡറായി സുൽത്താൻ അൽ ഖാതറിനെയും നിയമിച്ചു. പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യത്തെ നിയമനം കൂടിയാണിത്.
2017ൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ചേർന്ന് ബഹ്റൈൻ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. കൂടാതെ, രാജ്യത്തിന്മേൽ സമ്പൂർണ വ്യോമ, കര, കടൽ ഉപരോധവും ഏർപ്പെടുത്തി. ഇത് മേഖലയിലെ ഏറ്റവും മോശമായ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. അക്കാലത്ത് ഖത്തർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം ഏർപ്പെടുത്തിയതെങ്കിലും ഖത്തർ ആരോപണങ്ങൾ “നിഷേധിച്ചിരുന്നു.. 2021-ഓടെ സൗദി അറേബ്യയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ അൽ-ഉല പ്രഖ്യാപനം ഒപ്പുവെച്ചതോടെ ഗൾഫ് തർക്കം ഫലപ്രദമായി അവസാനിച്ചു.
എന്നാൽ, 2023 ഏപ്രിലിൽ മാത്രമാണ് ഖത്തറും ബഹ്‌റൈനും തങ്ങളുടെ ബന്ധം പുനഃസ്ഥാപിച്ചത്. കൂടാതെ, ഖത്തറിലേയും ബഹ്റൈനിലേയും നയതന്ത്രജ്ഞർ തമ്മിൽ സൗദി അറേബ്യയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി, 2023 മെയ് 25ന് ദോഹയ്ക്കും മനാമയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിച്ചു.
ഇരുരാജ്യങ്ങളുടെയും ബന്ധം പുനരാരംഭിച്ചതിന് ശേഷം, ഉപരോധസമയത്ത് നിർമ്മാണം സ്തംഭിച്ച"ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്" പദ്ധതിയും പുനരാരംഭിച്ചു. കഴിഞ്ഞ നവംബറിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും തമ്മിൽ മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കോസ്‌വേ പദ്ധതി വീണ്ടും സജീവമായത്. ഫെബ്രുവരി 20ന് മനാമയിൽ നടന്ന ഖത്തർ-ബഹ്‌റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ ചർച്ചയുടെ ഭാഗമായിരുന്നു ഇത്. പദ്ധതിയുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും അത് നടപ്പിലാക്കാൻ "ആവശ്യമായ നടപടികൾ സ്വീകരിക്കാനും" ഇരുപക്ഷവും സമ്മതിച്ചു. ജി.സി.സി.യിൽ വ്യാപാരവും യാത്രയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2008 ലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. 3 ബില്യൺ ഡോളറിന്റെ പദ്ധതി ബഹ്‌റൈനെ ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ തീരവുമായി ബന്ധിപ്പിക്കും. കൂടാതെ, യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കും.