September 03, 2024
September 03, 2024
റിയാദ്: സൗദി-ഖത്തർ ഏകോപനസമിതി യോഗം റിയാദിൽ നടന്നു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും സംയുക്ത അധ്യക്ഷതയിൽ ഞായറാഴ്ചയാണ് സൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം നടന്നത്. ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വശങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നേടിയെടുക്കുന്ന തരത്തിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ വശങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുകൂട്ടിയതെന്ന് സൗദി വിദേശകാര്യ മന്ത്രി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
"സൗദിയുടെയും ഖത്തറിന്റെയും ദർശനങ്ങൾ കൈവരിക്കുന്ന വിധത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും സാഹോദര്യ ബന്ധങ്ങൾ ഏകീകരിക്കുന്നതിനുമുള്ള വേദിയായാണ് ഏകോപന സമിതിയെ കണക്കാക്കുന്നത്. ഇത് ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങളെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു," അമീർ ഫൈസൽ ബിൻ ഫർഹാന് വ്യക്തമാക്കി.
സംരംഭങ്ങളുടെ പട്ടിക പുതുക്കുന്നതിലും, പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലും, നവീകരിക്കുന്നതിലും, പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിലും കൗൺസിൽ നടത്തുന്ന പരിശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രക്രിയയിലെ നാഴികക്കല്ലാണ് കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കാനും, കാഴ്ചപ്പാടുകൾ കൈമാറാനും, കൗൺസിലിന്റെ നേട്ടങ്ങളും ഗുണപരമായ സംരംഭങ്ങളും അവലോകനം ചെയ്യാനും, ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഉത്സാഹത്തോടെ പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ, വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ എൻജി. ഫഹദ് അൽഹാരിതി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F