ഖത്തറിൽ വാണിജ്യ മന്ത്രാലയ സേവനങ്ങൾക്കുള്ള 90 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
July 11, 2024
July 11, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ വാണിജ്യ മന്ത്രാലയ സേവനങ്ങൾക്കുള്ള 90 ശതമാനം ഇളവ് ഇന്ന് (ജൂലൈ 11) മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് കുറച്ച് കൊണ്ട് 2024 വർഷത്തേക്കുള്ള മന്ത്രിതല തീരുമാനം നമ്പർ (60) വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനിയാണ് പുറപ്പെടുവിച്ചത്. രാജ്യത്തെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, ദേശീയ, വിദേശ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപത്തിന് ആകർഷകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിലെ നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കാനും വ്യാപാര വ്യവസായ മേഖലകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഫീസ് കുറയ്ക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സേവന ഫീസ് കുറയ്ക്കാനുള്ള തീരുമാനം വ്യക്തികൾക്കും കമ്പനികൾക്കും ദേശീയ സംരംഭങ്ങൾക്കും പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിക്ഷേപകർക്ക് ലഭിക്കുന്നതിനും, പുതിയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും, വ്യക്തികളുടെയും കമ്പനികളുടെയും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും, വിവിധ മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും, പുതിയ തീരുമാനം ഗണ്യമായി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകർഷകമായ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, വിദേശ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും അനുയോജ്യമായതും വഴക്കമുള്ളതുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായി മന്ത്രാലയം അതിന്റെ സേവന ഓഫർ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വാർഷിക ഫീസ് 10,000 ഖത്തർ റിയാൽ നിന്ന് 500 ഖത്തർ റിയാൽ ആക്കി മാറ്റി. വാണിജ്യ രജിസ്റ്ററിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള വാർഷിക ഫീസും 10,000 ഖത്തർ റിയാൽ മുതൽ 500 ഖത്തർ റിയാൽ ആക്കി മാറ്റി. സമാനമായ വാണിജ്യ, വ്യാവസായിക, പൊതു സ്ഥലങ്ങൾക്കോ അതിന്റെ ശാഖകൾക്കോ ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 ഖത്തർ റിയാൽ നിന്ന് 500 ഖത്തർ റിയാൽ ആക്കി മാറ്റി. സമാനമായ വാണിജ്യ, വ്യാവസായിക, പൊതു സ്ഥലങ്ങളുടെയോ അല്ലെങ്കിൽ അതിന്റെ ശാഖയുടെ ലൈസൻസ് പുതുക്കുന്നതിന് 10,000 ഖത്തർ റിയാൽ നിന്ന് 500 ഖത്തർ റിയാൽ ആക്കി.
ഗാർഹിക ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 ഖത്തർ റിയാലിൽ നിന്ന് 500 റിയാലായി മാറ്റി. ഗാർഹിക വ്യാപാര പ്രവർത്തനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 10,000 റിയാലിൽ നിന്ന് 500 റിയാലായും മാറ്റി.
വാണിജ്യ രജിസ്ട്രേഷൻ, വാണിജ്യ പെർമിറ്റ്, നിക്ഷേപ വികസന സേവനങ്ങൾ, കോർപ്പറേറ്റ് സേവനങ്ങൾ, പകർപ്പവകാശം, വാണിജ്യ ഏജന്റ്സ് രജിസ്ട്രേഷൻ, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഓഡിറ്റർമാർ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, വാണിജ്യ ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് നൽകൽ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയ മേഖലകൾക്കും സേവന ഫീസ് കുറച്ചിട്ടുണ്ട്. ബിസിനസ് പരിസ്ഥിതി ആവശ്യകതകളും നിക്ഷേപകരുടെ ആവശ്യങ്ങൾ വിലയിരുത്തുകയും വിശകലനം ചെയ്യുകയും വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്തതിന് ശേഷമാണ് വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.