സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ പേരിൽ ലോൺ തട്ടിപ്പ്; ജാഗ്രത വേണമെന്ന് റോയൽ ഒമാൻ പോലീസ്
July 27, 2024
July 27, 2024
ന്യൂസ്റൂം ബ്യുറോ
മസ്കത്ത്: സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) പേരിൽ നടത്തുന്ന വ്യാജ ലോൺ തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വാട്സ്ആപ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സി.ബി.ഒയുടെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്.
ലോണിനായി ഇരകൾക്ക് വഞ്ചനാപരമായ ലിങ്കുകൾ നൽകി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വിശ്വാസ്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ അറ്റാച്ച് ചെയ്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആർ.ഒ.പി ഉപദേശിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തിഗതമോ ഭവനവായ്പയോ മറ്റേതെങ്കിലും ബാങ്കിങ് സേവനങ്ങളോ വ്യക്തികൾക്ക് നേരിട്ട് നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവരും ആവർത്തിച്ച് പറയുന്നുണ്ട്.