May 05, 2024
May 05, 2024
ഗസ: ഗസയിലെ യുദ്ധം ഏറ്റവുമധികം ബാധിച്ചത് അവിടുത്തെ ആരോഗ്യ മേഖലയെയാണ്. യുദ്ധത്തില്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ഒട്ടുമിക്ക ആശുപത്രികളും തകർന്നു. കൂടാതെ, വൈദ്യുതി, ഇന്ധനം, മരുന്നുകൾ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രിക് ജനറേറ്ററുകള്‍ എന്നിവയുടെ അഭാവവും ആരോഗ്യമേഖലയെ സാരമായി ബാധിച്ചു.
യുദ്ധത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ആയിരക്കണക്കിന് സാധാരണക്കാർക്ക് പോലും ആവശ്യത്തിന് ചികിത്സ നല്‍കാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവർത്തകർ. ഇതിന് പുറമെ മറ്റ് ഗുരുതരമായ അസുഖങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും വേണ്ട ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകളില്ലാത്തതിനാല്‍ ഡയാലിസിസ് പോലും നടത്താനാകാതെ വലയുകയാണ് ഗസയിലെ വൃക്കരോഗികള്‍. ഇതോടെ രോഗികൾക്ക് ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടമായതായായും റിപ്പോർട്ടുണ്ട്.
അൽ അഖ്‌സ ആശുപത്രിയിലെ വൃക്ക ഡയാലിസിസ് വിഭാഗത്തിന് അടിയന്തര സഹായം നൽകണമെന്ന് ലോകാരോഗ്യസംഘടന, റെഡ്‌ക്രോസ്, മറ്റ് സന്നദ്ധത സംഘടനകളോട് ഗസ സർക്കാറിന്റെ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഗസ മുനമ്പിൽ ഡയാലിസിസുള്ള ഏക ആശുപത്രിയാണ് അൽ അഖ്‌സ. ഇസ്രായേൽ യുദ്ധത്തിന് മുമ്പ് അൽ-അഖ്സ ആശുപത്രിയിൽ 140 വൃക്ക രോഗികൾക്ക് ഡയാലിസിസ് നൽകിയിരുന്നു. ഇപ്പോൾ 480 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകുന്നത്.
"മരുന്നും ചികിത്സയും നൽകാൻ കഴിയാതെ ഞങ്ങളുടെ കൺമുന്നിൽ വെച്ചാണ് ഞങ്ങളുടെ അമ്മ മരണപ്പെട്ടതെന്ന് ഡയാലിസിസ് ലഭിക്കാതെ മരണപ്പെട്ട മാതാവിനെക്കുറിച്ച് ഇബ്രാഹിം അൽ ഒവൈസി എന്നയാൾ ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു.
'എല്ലാത്തരം വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ച ശേഷം യുദ്ധത്തിന്റെ ഏഴാം മാസത്തിലാണ് അമ്മ വിടപറഞ്ഞത്. അമ്മയ്ക്ക് ഏകദേശം 60 വയസ്സായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചിരുന്ന അമ്മ എപ്പോഴും പുഞ്ചിരിച്ചു, എല്ലാവരേയും സ്‌നേഹിച്ചു, എല്ലാവരും അമ്മയെയും സ്‌നേഹിച്ചു. വർഷങ്ങൾക്കുമുമ്പാണ് അമ്മക്ക് വൃക്കരോഗം കണ്ടെത്തിയത്, ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഗസയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ കൃത്യമായി ഡയാലിലിസ് ലഭിച്ചിരുന്നു. എന്നാൽ പിന്നീടതുണ്ടായില്ല'..ഇബ്രാഹിം ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു.
'യുദ്ധത്തെത്തുടർന്ന് അൽ-അഖ്സ ആശുപത്രയിൽ മാത്രമായിരുന്നു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നൊള്ളൂ. 22 ഡയാലിസിസ് മെഷീനുകൾ മാത്രമേ അവിടെയുള്ളൂ. എന്നാൽ രോഗികളുടെ എണ്ണം കൂടിയത് വലിയ പ്രതിസന്ധിയുണ്ടാക്കി. യുദ്ധം കാരണം പല ഭാഗത്തായിപ്പോയവർക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനായില്ല. തൽഫലമായി വൃക്കരോഗികൾ പലരും മരിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന് മുമ്പുള്ള അവസാന മാസങ്ങളിൽ, അമ്മയ്ക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല, അവസ്ഥ വളരെ മോശമായി. അൽ-അഖ്സ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ വൃക്ക രോഗികൾ എല്ലാ ദിവസവും മരണപ്പെടുന്നത് താൻ കണ്ടതായും ഇബ്രാഹിം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F