June 09, 2024
June 09, 2024
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോർജ് കുര്യൻ തന്നെ. രാവിലെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. മോദിയുടെ വസതിയിൽ നടന്ന ചായ സത്കാരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ വൈസ് ചെയർമാനാണ് ജോർജ് കുര്യൻ. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ബി ജെ പി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ്. ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ.
സുരേഷ് ഗോപിയാണ് മൂന്നാം മോദി മന്ത്രിസഭയിലെത്തുന്ന അടുത്ത മലയാളി. അദ്ദേഹം സകുടുംബം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണി ഉൾപ്പടെയുള്ളവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആലപ്പുഴയിൽ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രനെ കഴിഞ്ഞദിവസം ബി ജെ പി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നു.
ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ് കുറിച്ചാണ് മോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.ഈ മാസം നാലാം തീയതിയായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.