January 20, 2024
January 20, 2024
വാഷിങ്ടൺ: യുഎസിന്റെ സമ്മർദത്തിന് പിന്നാലെ ഗസയിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രായേൽ പൻവലിച്ചെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ ഉദ്യോഗസ്ഥർ അതൃപ്തി അറിയിച്ചിട്ടും ട്രൂപ്പുകളെ പിൻവലിക്കാൻ യുഎസ് നിർബന്ധിച്ചുവെന്നാണ് റിപ്പോർട്ട്.
36-ാം ഡിവിഷനെ ഗസയിൽ നിന്ന് സമ്പൂർണമായി പിൻവലിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. വിശ്രമത്തിനും പരിശീലനത്തിനുമാണ് ഡിവിഷനെ പിൻവലിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വടക്കൻ ഗസ, മധ്യഗസ, തെക്കൻ ഗസ എന്നിവിടങ്ങളിൽ ഓരോ ഡിവിഷൻ സൈനികർ വീതമാണ് ഇപ്പോൾ ഇസ്രായേലിനുള്ളത്. ഗസയിലെ ഖാൻയൂനിസിലെ സേനാവിന്യാസം വർധിപ്പിച്ചതായും ഹഗാരി കൂട്ടിച്ചേര്‍ത്തു.
സേനയുടെ പിന്മാറ്റം കൂടുതൽ സിവിലിയന്മാരെ വടക്കൻ ഗസയിലേക്ക് തിരികെ വരാൻ സഹായിക്കുമെന്ന് റിട്ട. ഇസ്രായേലി ജനറൽ ജിയോ ഐലാൻഡ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
എന്നാൽ ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് ആകില്ലെന്ന് ലണ്ടൻ കിങ്‌സ് കോളജിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ആരോൺ ബ്രഗ്മാൻ ചൂണ്ടിക്കാട്ടി. 'ഇസ്രായേൽ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇസ്രായേലിന് കൈവരിക്കാൻ സാധിക്കില്ല. ഇപ്പോഴും ഭാവിയിലും' - ആരോൺ ബ്രഗ്മാൻ പറഞ്ഞു.
അതേസമയം, ഗസ വിഷയത്തിൽ ഇസ്രായേലും യുഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വർധിച്ചു വരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്നാണ് ബൈഡൻ ഭരണകൂടം കരുതുന്നത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് തള്ളി. ഗസ സമ്പൂർണമായി ഇസ്രായേൽ നിയന്ത്രണത്തിന് കീഴിലാക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യുദ്ധ ക്യാബിനറ്റിൽ നെതന്യാഹു പ്രഖ്യാപിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F