May 14, 2024
May 14, 2024
ഗസ: റഫ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയുടെ (യു.എൻ) ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുൈനറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗസയിൽ യു.എൻ സെക്യൂരിറ്റി സർവീസ് കോഡിനേറ്ററായി ഒരു മാസം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇദ്ദേഹം നേരത്തേ ഇന്ത്യൻ ആർമിയിലും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ആദ്യമായാണ് യു.എന്നിന്റെ വിദേശ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. ഇതുവരെ 190 യു.എൻ ഉദ്യോഗസ്ഥർ ഗസയിൽ കൊല്ലപ്പെട്ടുവന്നാണ് കണക്ക്. ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു.
"ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ വകുപ്പിലെ ജീവനക്കാരന്റെ മരണ വിവരവും, മറ്റൊരാൾക്ക് പരിക്കേറ്റ സംഭവവും അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതേസമയം, വടക്കൻ ഗസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബാലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാൻ ശ്രമിച്ച ആംബുലൻസുകൾക്ക് നേരെയും സൈന്യം വെടിയുതിർത്തു. വീടുകൾ നശിപ്പിച്ചതായും താമസക്കാർ പറഞ്ഞു.
അതിനിടെ റഫയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളും എസ്.എം.എസ് സന്ദേശങ്ങളും ഫലസ്തീനികൾക്ക് ലഭിച്ചു. ഇസ്രായേൽ മുന്നറിയിപ്പിനെത്തുടർന്ന് 3,50,000 ഫലസ്തീനികൾ റഫയിൽ നിന്ന് കഴിഞ്ഞയാഴ്ച പലായനം ചെയ്തിരുന്നു.
ആശുപത്രികളിലും ആംബുലൻസുകളിലും ആവശ്യമായ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗസയിലെ ആരോഗ്യ സംവിധാനങ്ങൾ തകരുമെന്ന് ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരുന്നുകൾ, ഇന്ധനം, ജീവനക്കാർ എന്നിവയുടെ അഭാവം മൂലം ഗസയിലെ 36 ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മൂന്നിലൊന്നു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. 78,827 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൂടാതെ, ഗസയിലേക്ക് ഭക്ഷ്യസഹായവുമായി എത്തിയ ട്രക്കുകൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ തർകുമിയ ക്രോസിങ്ങിൽ ജൂതകുടിയേറ്റക്കാർ ആക്രമിച്ചു. നയൻത് ഓർഡർ പ്രവർത്തകരാണ് ട്രക്ക് തടഞ്ഞ് ഭക്ഷ്യ വസ്തുക്കൾ പുറത്തേക്കെറിഞ്ഞ് നശിപ്പിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F