September 03, 2024
September 03, 2024
ദുബായ്: എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്‍ഫ്ലൈ എവിയേഷൻ വക്താക്കൾ അറിയിച്ചു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എയർ അറേബ്യ, ബ്രിട്ടീഷ് എയർവേസ്, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ, എന്നീ കമ്പനികളുടെ നേതൃനിരയിൽ വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയാണ് ഹരീഷ് കുട്ടി. അടുത്തിടെ, സലാം എയറിൽ റവന്യൂ ആൻ്റ് നെറ്റ്‌വർക്ക് പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. കൂടാതെ, സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും, വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും, റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് ഇദ്ദേഹം.
ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചയ്ക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായി മാറ്റാനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെറ്റ്ഫ്ലൈ എവിയേഷൻ ചെയർമാൻ അഫി അഹ്‌മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ ചേർന്ന് ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു.
" ഈ മേഖലയിൽ ഇത്രയും പരിചയ സാമ്പത്തുള്ള ഹരീഷ് കുട്ടിയെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പരിചയ മികവും മേൽനോട്ടത്തിലും എയർ കേരള ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറെ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിൽ യാതൊരു സംശയവും ഇല്ല. ഈ ഒരു ദൗത്യം അദ്ദേഹം വളരെ ദീർഘവീക്ഷണത്തോടെയാണ് കണ്ടിരിക്കുന്നത്. അതുകൊണ്ട് എയർ കേരളയെ മുന്നോട്ടുനയിക്കാൻ ഏറ്റവും പ്രാപ്തനായ ഒരു വ്യക്തിയാണ് ഹരീഷ് കുട്ടി," സെറ്റ് ഫ്ലൈ എവിയേഷൻ ചെയർമാൻ അഫി അഹ്‌മദ് പറഞ്ഞു.
ഹരീഷ് കുട്ടിyയുടെ നേതൃപരിചയവും മേഖലയിലെ അനുഭവ സമ്പത്തും എയർ കേരളയുടെ മുന്നോട്ടുള്ള വളർച്ചക്ക് വലിയ മുതൽക്കൂട്ടാകും. ഏറ്റവും മികച്ച വിമാനക്കമ്പനിയായി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നെന്നും സെറ്റ്ഫ്ലൈ വൈസ് ചെയർമാൻ അയൂബ് കല്ലടയും കൂട്ടിച്ചേർത്തു.
എയർ കേരള ഒരു വിമാനക്കമ്പനി എന്നത് മാത്രമല്ല, ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് മലയാളികളുടെ ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാണെന്ന് ഹരീഷ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ പ്രതീക്ഷകളുടെയും സംസ്‌കാരത്തെയും ഇത് പ്രതിനിധീകരിക്കും. ഈ വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താൻ സ്വീകരിക്കുന്നത്. വരും നാളുകളിൽ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനക്കമ്പനിയാവും എയർ കേരളയെന്നും ഹരീഷ് കുട്ടി ചൂണ്ടിക്കാട്ടി. എത്രയും വേഗം എഒസി കരസ്ഥമാക്കി സർവീസുകൾ ആരംഭിക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം. എല്ലാ നടപടിക്രമങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന വർഷം സർവീസ് ആരംഭിക്കാൻ പറ്റുമെന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നതെന്നും ഹരീഷ് കുട്ടി കൂട്ടിച്ചേർത്തു.
ദുബായിൽ മെഹ്‌മാൻ ഹോട്ടലിൽവെച്ച് ചേർന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ അഫി അഹ്‌മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, കമ്പനി വക്താവ് സഫീർ മഹമൂദ് തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F