ബഹ്റൈനിൽ നാളെ മുതൽ ഹമൂർ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി
August 14, 2024
August 14, 2024
ന്യൂസ്റൂം ബ്യുറോ
ദോഹ: ബഹ്റൈനിൽ ഹമൂർ മത്സ്യം പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും ഓഗസ്റ്റ് 15 (വ്യാഴാഴ്ച) മുതൽ നിരോധനം ഏർപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യബന്ധനം, ചൂഷണം എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ നിയമപ്രകാരമാണ് നിരോധനം. ഒക്ടോബർ 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
പ്രജനന കാലയളവിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തി, സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാനുമാണ് വാർഷിക നിരോധനം ഏർപ്പെടുത്തുന്നത്. നിയമലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും, നിരോധനം പൂർണമായും പാലിക്കാൻ എല്ലാവരോടും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് വ്യക്തമാക്കി.