Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
വെടിനിർത്തൽ ചർച്ചകൾ ഫലം കാണുന്നു, ഇസ്രായേൽ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഹമാസ്

July 07, 2024

news_malayalam_israel_hamas_attack_updates

July 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസ വെടിനിർത്തൽ കരാറിൽ ഇസ്രായേലിന്റെ പ്രതികരണത്തിനായി ഹമാസ് കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത ഒരു ഹമാസ് നേതാവ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്. ഗസയിൽ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് പദ്ധതിയുടെ പ്രധാന ഭാഗം അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഹമാസിന്റെ പുതിയ പ്രതികരണം.

മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരട് ചർച്ചകൾ മെയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് മുന്നോട്ട് വെച്ചത്. ഖത്തറും ഈജിപ്തുമാണ് വിഷയത്തിൽ മധ്യസ്ഥത ചർച്ചകൾ നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഹമാസിന്റെ പിടിയിലുള്ള 120 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടാണ് കരാർ. ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞെങ്കിലും വിശദമായ സമയക്രമം നൽകിയിട്ടില്ല.

കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേൽ ആദ്യം സ്ഥിരമായ വെടിനിർത്തലിന് വിധേയരാകണമെന്ന പ്രധാന ആവശ്യം ഉപേക്ഷിച്ച ഹമാസ്, പകരം ആറാഴ്ചത്തെ ആദ്യ ഘട്ടത്തിലുടനീളം അത് നേടുന്നതിനുള്ള ചർച്ചകൾ തുടരുമെന്നറിയിച്ചിട്ടുണ്ട്. യു.എസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ് ചർച്ചകൾക്കായി ഈ ആഴ്ച ഖത്തറിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

ബന്ദികളെ തിരികെ കൊണ്ടുവരാൻ കരാറിലെത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഞായറാഴ്ച ഇസ്രായേലിലുടനീളം പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രധിഷേധക്കാർ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഗതാഗതം തടഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ഉപരോധിച്ചു. തെൽ അവീവ്- ജെറുസലേം ഹൈവേയിൽ ടയറുകൾക്ക് തീയിടുകയും ചെയ്തു.

അതേസമയം, ​ഗസയിലും ഇസ്രായേലിലും ആക്രമണം തുടരുകയാണ്. വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല റോക്കറ്റുകൾ വർഷിച്ചു. റോക്കറ്റാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

ഗസയിൽ ഇന്ന് (ഞായറാഴ്ച) ഇസ്രായേൽ നടത്തിയ വ്യത്യസ്ത സൈനിക ആക്രമണങ്ങളിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സവായ്ദ പട്ടണത്തിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ഗസയിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഗസയിലെ കിഴക്കൻ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിലും വ്യോമാക്രമണത്തിലും റഫയിൽ 30 ഫലസ്തീൻ തോക്കുധാരികളെ വധിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.


Latest Related News