ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി
September 19, 2024
September 19, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് തെർമൽ ഇൻസുലേറ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ നിരോധിത പുകയില ശേഖരം കസ്റ്റംസ് പിടികൂടി. 1,790 കിലോ നിരോധിത പുകയിലയാണ് ഇന്ന് (വ്യാഴാഴ്ച) പിടികൂടിയത്. പരിശോധനയിൽ തെർമൽ ഇൻസുലേറ്ററുകൾ അടങ്ങിയ ഷിപ്പിനുള്ളിൽ വിദേശ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന്, തെർമൽ ഇൻസുലേറ്ററുകളുടെ അറകളിൽ പുകയില സഞ്ചികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതിന്റെ വീഡിയോയും അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടുക്കളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസിന്റെ ഔദ്യോഗിക ഇമെയില്‍ വഴിയോ 16500 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി.