October 28, 2024
October 28, 2024
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ 'ബാപ്‌സ് ഹിന്ദു മന്ദിര്‍' ക്ഷേത്രത്തിൽ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അബുദാബി പോലീസിൻ്റെയും സർക്കാർ അധികാരികളുടെയും പങ്കാളിത്തത്തോടെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 2024 ഫെബ്രുവരിയിൽ ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രം തുറന്നത് മുതൽ ഇതിനകം 1.5 ദശലക്ഷത്തിലധികം സന്ദർശകരെയാണ് ആകർഷിച്ചത്.
ഗതാഗതം, പാർക്കിംഗ്, സുരക്ഷ, ക്യൂകൾ എന്നിവ സുഗമമാക്കുന്നതിന് അബുദാബി പോലീസും ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് വോളന്റിയർമാരെയും ദീപാവലി ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകളെ പിന്തുണയ്ക്കാനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർഗ്ഗനിർദ്ദേശങ്ങൾ:
1) എല്ലാ സന്ദർശകരും ക്ഷേത്രത്തിൽ എത്തുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യണം
2) സ്വന്തം വാഹനത്തിൽ വരുന്ന സന്ദർശകർ അൽ ഷഹാമ F1 പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്യണം
3) പാർക്കിംഗ് ഏരിയയിൽ നിന്ന് ക്ഷേത്രത്തിലേക്ക് എത്താൻ സർക്കാരിന്റെ ഷട്ടിൽ ബസ് സെർവീസുണ്ടാകും.
4) ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉൾപ്പെടെയുള്ള ബാഗുകളും മെറ്റൽ വസ്തുക്കളും കൊണ്ടുവരരുത്
ഒക്ടോബർ 31 (വ്യാഴാഴ്ച) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ദീപാവലി ദർശന പരിപാടിയും, നവംബർ 2 (ശനിയാഴ്ച) നവംബർ 3 (ഞായറാഴ്ച) തിയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ അന്നുകുട്ട് ദർശനവും (ഭക്ഷണത്തിൻ്റെ ഉത്സവം) മറ്റ് പരിപാടികളും ക്ഷേത്രത്തിൽ നടക്കും.
2024 ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 'ബാപ്‌സ് ഹിന്ദു മന്ദിര്‍' ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. യുഎഇ ഭരണാധികാരി ഉള്‍പ്പെടെയുള്ള വിശിഷ്ഠ വ്യക്തികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മധ്യപൂര്‍വ്വ പ്രദേശത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തില്‍ സന്ദര്‍ശന കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, പ്രദര്‍ശന-പഠന മേഖലകള്‍, കായിക മേഖല എന്നിവയുമുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി തീമാറ്റിക് ഗാര്‍ഡനുകള്‍, വാട്ടര്‍ ഫീച്ചറുകള്‍, ഫുഡ് കോര്‍ട്ട്, ബുക്ക് ആന്റ് ഗിഫ്റ്റ് ഷോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്ഷേത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംഭാവന ചെയ്ത 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. 2024 മാര്‍ച്ച് 1നാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നത്.