April 24, 2024
April 24, 2024
ജനീവ : 200 ദിവസമായി തുടരുന്ന ഇസ്രായേലിന്റെ ആക്രമണം ഗസ്സയെ തകർത്ത് തരിപ്പണമാക്കിയെന്നും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ).
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാനും ഗസ്സയെ പുനർനിർമ്മിക്കാനും വർഷങ്ങള്‍ വേണ്ടിവരുമെന്നും ഏജൻസി അറിയിച്ചു.
'യുദ്ധം 200 ദിവസം പിന്നിട്ടിരിക്കുന്നു. ഗസ്സയില്‍ എല്ലായിടത്തും നാശനഷ്ടങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. 75 ശതമാനം ജനങ്ങളും ആഭ്യന്തരമായി പലായനം ചെയ്തു. അവശിഷ്ടങ്ങള്‍ നീക്കാൻ വർഷങ്ങളെടുക്കും. വെടിനിർത്തല്‍ മാത്രമാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷ' -യു.എൻ.ആർ.ഡബ്ല്യു.എ സാമൂഹിക മാധ്യമമായ 'എക്സി'ല്‍ കുറിച്ചു.
Yesterday, @UNRWA & @UNICEF jointly undertook a high-risk mission to North #Gaza to provide life-saving medical & water-purification aid to people in Jabalia.@UNRWA is the backbone of the humanitarian effort, bringing life-saving assistance to people across the #GazaStrip pic.twitter.com/aSEfgYtrt1
— UNRWA (@UNRWA) April 24, 2024
യുദ്ധത്തില്‍ ഏകദേശം 23 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ് കുന്ന് കൂടിയിരിക്കുന്നതെന്ന് യു.എൻ ഏജൻസി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പൊട്ടിത്തെറിക്കാത്ത ആയുധങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കാൻ വർഷങ്ങളെടുക്കും. സ്കൂളുകള്‍, ആശുപത്രികള്‍, സിവിലയൻ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കെല്ലാം വ്യാപക നാശമാണ്. ഇതിനാല്‍ തന്നെ രണ്ട് ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.
അതേസമയം, ഫലസ്തീൻ ജനതക്കായി പ്രവർത്തിക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായവിതരണം പുനരാരംഭിക്കാൻ നോർവേ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ ഏജൻസിയുടെ പ്രവർത്തകരും പങ്കാളിയായെന്ന് ആരോപിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായവിതരണം അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നിർത്തിവെച്ചിരുന്നു. ഈ ആരോപണത്തിന് ഇതുവരെ ഇസ്രായേല്‍ തെളിവ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നോർവേയുടെ ആഹ്വാനം. നിലവില്‍ ജൂണ്‍ വരെയുള്ള പ്രവർത്തനങ്ങള്‍ക്കുള്ള ഫണ്ടാണ് ഏജൻസിയുടെ കൈവശമുള്ളതെന്ന് യു.എൻ വക്താവ് പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേലിന്റെ നേതൃത്വത്തില്‍ 200 ദിവസമായി തുടരുന്ന യുദ്ധം സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവും വിനാശകരവുമായ ഒന്നാണെന്ന് ലോകമെമ്ബാടുമുള്ള വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹമാസിനെ ഇല്ലാതാക്കാനാണ് യുദ്ധമെന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാൻ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ വാദം. എന്നാല്‍, മരണസംഖ്യയും ഗസ്സയിലെ നാശത്തിന്റെയും വ്യാപ്തി മറിച്ചാണ് വ്യക്തമാക്കുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയിലെ നഗരങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ വലിയ നാശമാണ് ഗസ്സക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡൻ്റും വിദേശകാര്യ, സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധിയുമായ ജോസെഫ് ബോറെല്‍ പറഞ്ഞു.
ഫ്രഞ്ച് നഗരമായ സ്ട്രാസ്ബർഗില്‍ യൂറോപ്യൻ പാർലമെൻ്റിൻ്റെ പ്ലീനറി സെഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് ബോറെല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
34,200ന് മുകളില്‍ ആളുകളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 72,000ന് മുകളില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ 60 ശതമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. അതില്‍ 35 ശതമാനവും പൂർണ്ണമായും നശിച്ചുവെന്നും തനിക്ക് പറയാൻ സാധിക്കുമെന്ന് ബോറെല്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ നഗരങ്ങളിലുണ്ടായ നാശനഷ്ടങ്ങളേക്കാള്‍ കൂടുതലാണ് ഗസ്സയിലെ നഗരങ്ങളിലുണ്ടായത്. ഇത് കൂടാതെ ഇസ്രായേല്‍ ആക്രമണത്തില്‍ 249 മാനുഷിക പ്രവർത്തകരും 100ഓളം മാധ്യമപ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താല്‍ക്കാലിക തീരുമാനങ്ങള്‍ നടപ്പാക്കുകയും എല്ലാ സിവിലയൻമാരുടെയും സംരക്ഷണം ഉറപ്പാക്കുകയും വേണം. കൂടാതെ സന്നദ്ധ പ്രവർത്തകരെ ലക്ഷ്യം വെക്കാതെ അവരുടെ പ്രവർത്തനങ്ങള്‍ തുടരാൻ അനുവദിക്കണമെന്നും ബോറല്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F