January 14, 2024
January 14, 2024
തെൽ അവീവ്: ഗസയിൽ തടവിലാക്കിയ ഇസ്രായേൽ തടവുകാർക്ക് മരുന്നുകൾ എത്തിക്കാൻ ഇസ്രയേലുമായി ഖത്തർ ധാരണയിലെത്തി. ഗസയിൽ ബന്ദികളാക്കിയവരിലേക്ക് മരുന്നുകളും മറ്റ് ചികിത്സ സാമഗ്രികളും എത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗസയിലെ അമേരിക്ക-ഇസ്രായേലി തടവുകാരുടെ ആറ് കുടുംബങ്ങളുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പുതിയ ധാരണയിലെത്തിയതെന്ന് ആക്സിയോസും റിപ്പോർട്ട് ചെയ്തു. ഗസയിലെ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ ആവശ്യമായ മരുന്നുകളുടെ അളവും തരങ്ങളും അവ വിതരണം ചെയ്യുന്നതിനുള്ള വഴികളും ചർച്ച ചെയ്‌തതായും റിപ്പോർട്ടുണ്ട്. കൂടാതെ, 120 തടവുകാർക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ വിതരണം ചെയ്തതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരുന്നുകളുടെ വിതരണത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകളുമായി ചർച്ചകൾ നടന്നുവരികയാണെന്നും, ഗസയിലെ ഫലസ്തീനികൾക്കായി മരുന്ന് എത്തിക്കാൻ ഇസ്രായേൽ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗസയിൽ ആറ് ആംബുലൻസുകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ (ശനിയാഴ്ച) സ്ഥിരീകരിച്ചു.100 ദിവസമായി തുടരുന്ന ഇസ്രായേൽ വംശഹത്യയിൽ മെഡിക്കൽ മേഖലയുടെ മോശം അവസ്ഥയെക്കുറിച്ച് ഗസയിലെ ആരോഗ്യ അധികാരികൾ നടത്തിയ പത്രക്കുറിപ്പിലാണ് കണക്കുകൾ പുറത്തുവിട്ടത്.
എന്നാൽ, ഗസയിൽ നിന്നും തങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കുമാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെതതിരെ വിജയം നേടും വരെ ഗസയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് (ICJ) പോലും തങ്ങളെ തടയാനാവില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ഗസയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇത് പരമാർശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
വിജയം ഉണ്ടാവുന്നത് വരെ യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. തങ്ങൾ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകർക്കാൻ സാധിച്ചിട്ടുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ, വടക്കൻ ഗസയിൽ വിന്യസിക്കപ്പെട്ട സൈനികർക്ക് ഇപ്പോൾ വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗസയിൽ ഇപ്പോഴും അപകടം നിലനിൽക്കുന്നുണ്ട്. അത് മുഴുവനും ഇല്ലാതാവണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഗസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 135 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 312 പേർക്ക് പരിക്കുണ്ട്. ഗസയിലെ ആക്രമണം 100 ദിനം പിന്നിടുമ്പോൾ കൊല്ലപ്പെട്ട കുട്ടികളുടെ മാത്രം എണ്ണം 10,000 കവിഞ്ഞു. ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ സേനയുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനത്തിലേറെ പേരും കുട്ടികളാണ്. 23,843 പേരാണ് ഇതുവരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 60,317 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിലെ മരണസംഖ്യ 1,139 ആണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F