ഖത്തറിൽ വിദ്വേഷവും ഭിന്നതയും പരത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
July 08, 2024
July 08, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും ഭിന്നത പരത്തിയതിനും നാല് പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വിദ്വേഷവും ഭിന്നതയും പ്രചരിപ്പിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനോ,സമൂഹത്തിന്റെ ഘടനയെ തുരങ്കം വയ്ക്കുന്നതിനോ, സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, ഇത്തരം നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ ഘടകത്തെയും അതിന്റെ ഐക്യത്തെയും അപമാനിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഊന്നിപ്പറഞ്ഞു.