February 06, 2024
February 06, 2024
തെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഖത്തറിനെ പരസ്യമായി വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ മുൻ മേധാവി യോസി കോഹൻ ഇസ്രായേൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നിലവിലുള്ള സാഹചര്യത്തിൽ ഒരു കരാറിലെത്തേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം കോഹൻ ഊന്നിപ്പറഞ്ഞു. ഇനിയുള്ള ഏതൊരു കരാറിനും ഇസ്രായേൽ ഉയർന്ന വില നൽകേണ്ടിവരുമെന്നും അദ്ദേഹം ആരോപിച്ചു.
“ഇപ്പോൾ ഒരു കരാർ കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു രാജ്യമാണ് ഖത്തർ. അതിനോട് പരസ്യമായി വഴക്കിടുന്നത് തെറ്റാണ്. നമ്മൾ വിവേകത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഈ സമയത്ത് ഖത്തറിനെതിരായ ഏത് വിമർശനവും അവസാനിപ്പിക്കേണ്ടതുണ്ട്," കോഹൻ പറഞ്ഞു.
ഖത്തറിൻ്റെ മധ്യസ്ഥ പങ്കിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇസ്രയേലിനും ഹമാസിനും ഇടയില്‍ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണെന്നായിരുന്നു ബന്ദികളുടെ കുടുംബങ്ങളോട് നെതന്യാഹു പറഞ്ഞത്.
'എന്റെ കാഴ്ചപ്പാടില്‍, ഐക്യരാഷ്ട്രസഭയെയും റെഡ് ക്രോസിനെയും പോലെയാണ് ഖത്തറും. എന്നുമാത്രമല്ല, ഖത്തർ അവരേക്കാള്‍ കൂടുതല്‍ പ്രശ്‌നക്കാരാണ്' എന്നാണ് ചാനല്‍ 12 പുറത്തുവിട്ട നെതന്യാഹുവിന്റെ സംഭാഷണത്തിലുള്ളത്.
"എനിക്ക് ഖത്തറിനെകുറിച്ച് മിഥ്യാധാരണകളൊന്നുമില്ല. അവർക്ക് ഹമാസിനുമേല്‍ സ്വാധീനമുണ്ട്... കാരണം ഖത്തർ അവർക്ക് ഫണ്ട് നല്‍കുന്നു. ഖത്തറിലെ യുഎസ് സൈനിക സാന്നിധ്യം 10 വർഷത്തേക്ക് കൂടി നീട്ടാനുള്ള കരാർ പുതുക്കിയതിന് എനിക്ക് അമേരിക്കയോട് അടുത്തിടെ ദേഷ്യം തോന്നി" -എന്നും നെതന്യാഹു പറയുന്നുണ്ട്.
നെതന്യാഹുവിന്റെ പരാമർശങ്ങൾ ഹമാസ് പിടിയിലുള്ള ബാക്കി ബന്ദികളുടെ മോചനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഖത്തറും പ്രതികരിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F