October 16, 2024
October 16, 2024
മസ്കത്ത്/മനാമ: ഒമാനിൽ ഈ വർഷത്തെ കിംഗ്ഫിഷ് (അയക്കൂറ) മത്സ്യബന്ധന നിരോധനം അവസാനിപ്പിച്ചതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇന്ന് (ഒക്ടോബർ 16) മുതൽ അയക്കൂറയുടെ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും അനുമതി നൽകും. കിംഗ്ഫിഷുകളുടെ സുസ്ഥിരത സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിരോധന കാലയളവിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തിനും അനുസരണത്തിനും മന്ത്രാലയം അതിന്റെ പ്രസ്താവനയിൽ നന്ദി അറിയിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളോടും സുസ്ഥിര മത്സ്യബന്ധന രീതികൾ തുടരാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള അനുവദനീയമായ ഏറ്റവും കുറഞ്ഞ നീളം 65 സെന്റിമീറ്ററായി തുടരുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതേസമയം, ബഹ്റൈനിലും അയക്കൂറ പിടിക്കുന്നതിനുള്ള നിരോധനം നീക്കിയിട്ടുണ്ട്. സുപ്രീം കൗൺസിൽ ഫോർ ദി എൻവയൺമെന്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സാണ് ബഹ്റൈനിലെ സമുദ്രാതിർത്തിയിൽ കിങ് ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 15നാണ് നിരോധനം പ്രഖ്യാപിച്ചത്. അയക്കൂറയുടെ പ്രജനനകാലം പരിഗണിച്ചാണ് എല്ലാ വർഷവും മീൻപിടിത്ത നിരോധനമേർപ്പെടുത്തുന്നത്. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിരോധനമെന്ന് പരിസ്ഥിതി സുപ്രീം കൗൺസിലിന്റെ മറൈൻ വെൽത്ത് ഡിപ്പാർട്മെന്റ് പറഞ്ഞു.