ഒമാനിലെ വെടിവയ്പ്പിൽ മരണം ഒമ്പതായി, 28 പേര്‍ക്ക് പരുക്ക്
July 16, 2024
July 16, 2024
ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പിൽ മരണം ഒമ്പതായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും ഉള്‍പ്പെടെ അഞ്ചു പേരുമാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) പ്രസ്താവനയില്‍ അറിയിച്ചു.
ആര്‍ഒപിയും മറ്റു സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ നാല് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ മരിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗുലാം അബ്ബാസ്, ഹസന്‍ അബ്ബാസ്, സയിദ് ഖൈസര്‍ അബ്ബാസ്, സുലൈമാന്‍ നവാസ് എന്നിവരാണ് മരിച്ചത്. 30 പാക്കിസ്ഥാനികള്‍ ചികിത്സയിലുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
വാദി കബീറിലെ അലി ബിന്‍ അബി താലിബ് പള്ളിയില്‍ ഇന്നലെ (തിങ്കളാഴ്ച) രാത്രി 10 മണിയോടെയാണ് വെടിവയ്പ്പും ആക്രമണ സംഭവങ്ങളുമുണ്ടായത്. മസ്ജിദ് പരിസരത്ത് പ്രാര്‍ഥനയ്ക്കായി തടിച്ചുകൂടിയവര്‍ക്കെതിരെ ആക്രമി സംഘങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സമയം നൂറ് കണക്കിന് പേരാണ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.