February 05, 2024
February 05, 2024
ന്യൂയോർക്ക്: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ) അറിയിച്ചു. ജൂലൈ 19നാണ് മത്സരം. ജൂണ്‍ 11-ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം നടക്കും.
ഇന്നലെ (ഞായറാഴ്ച) നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ, ഹോളിവുഡ് നടൻ കെവിൻ ഹാർട്ട്, റാപ്പർ ഡ്രാക് എന്നിവർ ചേർന്നാണ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചത്. 2025 അവസാനത്തോടെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കും. ഖത്തർ ലോകകപ്പിനേക്കാൾ 10 ദിവസം അധികം നീണ്ടുനിൽക്കുന്നതാണ് 2026ലെ ലോകകപ്പ്.
48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. യു.എസ് നഗരങ്ങളായ ലോസ് ആഞ്ചലസ്, കന്‍സാസ് സിറ്റി, മയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങൾ. അറ്റ്‌ലാന്റ, ഡല്ലാസ് എന്നിവിടങ്ങില്‍ സെമി ഫൈനലുകള്‍ നടക്കും. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിന് മിയാമി വേദിയാകും. 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായി നടക്കുക. മൂന്നാം തവണയാണ് മോക്സികോ ലോകകപ്പിന് വേദിയാകുന്നത്. 1970, 1986 ലോകകപ്പുകൾ മെക്സിക്കോയിലായിരുന്നു. 1994ൽ യു.എസും വേദിയായി. എന്നാൽ, കാനഡ ആദ്യമായാണ് ലോകപ്പിന് വേദിയാകുന്നത്.
ലോകകപ്പ് ഫൈനല്‍ നടക്കുന്ന ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ 82,500 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 2010-ലാണ് സ്റ്റേഡിയം തുറന്നത്. നിലവില്‍ എന്‍എഫ്എല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്നുണ്ട്. 2016-ല്‍ നടന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലിന് വേദിയായത് ഇതേ സ്റ്റേഡിയമാണ്. അന്ന് മെസ്സിയുടെ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചിലിയാണ് കിരീടം സ്വന്തമാക്കിയത്.
ആതിഥേയ രാജ്യങ്ങളായ അമേരിക്കയുടെ ആദ്യ മത്സരം ലോസ് ആഞ്ജലീസിലും കാനഡയുടെ ആദ്യ മത്സരം ടൊറന്റോയിലും നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F