February 12, 2024
February 12, 2024
ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികളെ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാര്‍ ഇന്നലെ (ഞായറാഴ്ച) സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാദറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖത്തറിലെ സിദ്ര മെഡിസിന്‍, ദ വ്യൂ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മുതിര്‍ന്നവരേയും അദ്ദേഹം സന്ദര്‍ശിച്ചു.
പരിക്കേറ്റ ഫലസ്തീനികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അവരുടെ പരിക്കുകളുടെ സ്വഭാവത്തെക്കുറിച്ചും സന്ദര്‍ശനത്തിന് ശേഷം മന്ത്രി വിശദീകരിച്ചു. ചികിത്സാ പദ്ധതികളെക്കുറിച്ചും, താമസിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, ഖത്തര്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റ ഫലസ്തീനികള്‍ക്കായി ഖത്തര്‍ നല്‍കുന്ന സഹായങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഖത്തറും ഈജിപ്തും തമ്മിലുള്ള ഏകോപനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഇരുപക്ഷവും തമ്മിലുള്ള സഹകരണം വളരെ പ്രധാനമാണെന്നും ദോഹയില്‍ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനുള്ള സംരംഭത്തിന്റെ വിജയത്തിന് പിന്തുണ നല്‍കുന്നതായും പറഞ്ഞു.
1,500 ഫലസ്തീനികള്‍ക്ക് ചികിത്സ നല്‍കാനുള്ള ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവിന്റെ ഭാഗമായി ഗസ മുനമ്പില്‍ പരിക്കേറ്റ 15 ബാച്ച് ഫലസ്തീനികളെയാണ് ഇതുവരെ ചികിത്സയ്ക്കായി ഖത്തര്‍ സ്വീകരിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F