ഇനി എല്ലാം വളരെ എളുപ്പം, ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി ആപ്പിനെ സ്വാഗതം ചെയ്ത് പ്രവാസികൾ
October 30, 2024
October 30, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ മിലിപോൾ എക്‌സിബിഷൻ്റെ 15-ാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ പുറത്തിറക്കിയ 'ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി' ആപ്ലിക്കേഷാൻ (ക്യുഡിഐ) വഴി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പവും ഫലപ്രദവുമാകുമെന്ന് വിലയിരുത്തൽ.ഐഡി കാർഡുകളുടെയും ഡോക്യുമെൻ്റുകളുടെയും ഡിജിറ്റൽ പതിപ്പുകൾ നൽകുന്ന ഒരു സ്മാർട്ട് ആപ്ലിക്കേഷനാണ് 'ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി' ആപ്പ്. ഫിസിക്കൽ ഡോക്യുമെൻ്റുകളുടെ ആവശ്യമില്ലാതെ തന്നെ വിവിധ ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ബയോമെട്രിക് ഡാറ്റ വഴി ആക്‌സസും ആക്‌റ്റിവേഷനും സാധ്യമാക്കിക്കൊണ്ട് നിരവധി സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നിന്നുള്ള ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗപ്പെടുത്താനും പുതിയ ആപ് സഹായകരമാണ്.. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയാണ് ആപ് പുറത്തിറക്കിയത്.
ഉപയോക്താവിൻ്റെ പാസ്‌പോർട്ട്, ഐഡി കാർഡ്, ദേശീയ വിലാസം, ഡ്രൈവിംഗ് ലൈസൻസ്, സ്ഥാപന രജിസ്‌ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് എന്നിവയിലേക്കുള്ള ആക്‌സസ് ഉൾക്കൊള്ളുന്ന ഡിജിറ്റൽ വാലറ്റിന് സമാനമായ പ്രവർത്തനമാണ് ആപ്പിൽ ഒരുക്കിയിട്ടുള്ളത്. ആപ്സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി ആപ്ലിക്കേഷൻ ലഭ്യമാണ്.