July 02, 2024
July 02, 2024
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ഇതോടെ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ജയിൽ മോചനമുൾപ്പടെയുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദയാധനമായി കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. മാപ്പ് നൽകിയുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് ഉടൻ കൈമാറും.
റഹീമിന് മാപ്പ് നൽകാമെന്ന് ഇന്ന് (ചൊവ്വ) ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയിൽ എത്തി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്റെ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ ജൂൺ മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തിയിരുന്നു.
2006 നവംബർ 28നാണ് സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി വാഹനത്തിൽ മരണപ്പെട്ടത്. തുടർന്ന് 2011 ഫെബ്രുവരി രണ്ടിനാണ് റിയാദ് ജനറൽ കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്. 2022 നവംബർ 15ന് സുപ്രിം കോടതിയും വധശിക്ഷ ശരിവച്ച് ഉത്തരവിടുകയായിരുന്നു.