January 31, 2024
January 31, 2024
ഗസ: ഗസ മുനമ്പിലെ ബെയ്ത്ത് ലാഹിയയിലെ ഖലീഫ ബിൻ സായിദ് എലിമെൻ്ററി സ്കൂളിൽ ഡസൻ കണക്കിന് ഫലസ്തീനികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഹീബ്രു എഴുത്തുകളുള്ള കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ വെള്ള പ്ലാസ്റ്റിക് ടൈകൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഇന്ന് (ബുധനാഴ്ച) കണ്ടെത്തിയത്. സ്‌കൂൾ ഗ്രൗണ്ടിൽ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അൽ ജസീറ അറബിക്കും, മറ്റ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇവർ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ ഡിസംബർ മാസം ആദ്യം ഇസ്രായേൽ സൈന്യം ഇവിടെ ആക്രമിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് ഫലസ്തീനികളുടെ അഭയകേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു.
കൂടാതെ, ഗസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പുറത്തെടുത്ത 100-ലധികം ഫലസ്തീൻ മൃതദേഹങ്ങൾ തെക്കൻ നഗരമായ റാഫയിൽ കൂട്ടമായി സംസ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാസ്റ്റിക് ബാഗുകളിലും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത നിലയിലും, മറ്റുള്ളവ ദ്രവിച്ച നിലയിലുമായിരുന്നുവെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.
അതേസമയം, പാരിസിൽ നടന്ന മധ്യസ്ഥ ചർച്ചകളിലെ വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണെന്നും ചർച്ചകൾക്കായി കൈറോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഇസ്രായേൽ സൈനിക നീക്കം അവസാനിപ്പിക്കലും ഗസയിൽ നിന്ന് ഇസ്രയേലിന്റെ ശാശ്വതമായ പിന്മാറ്റവുമാണ് ഹമാസിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F