October 20, 2024
October 20, 2024
മസ്കത്ത്: ഒമാനിൽ രണ്ടാമത്തെ അന്താരാഷ്ട്ര ഈത്തപ്പഴ-തേൻ പ്രദർശനം ആരംഭിച്ചു. ഇന്ന് (ഞായറാഴ്ച) മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പ്രദർശനം. ആസാസ് കമ്പനിയുമായി സഹകരിച്ച് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പ്രദർശനം ഉദ്ഘാടനം ചെയ്യും.
ഗൾഫ്, അറബ് രാജ്യങ്ങളിലെ ഉൽപാദക കമ്പനികൾക്കും ഫാക്ടറികൾക്കും കയറ്റുമതി കമ്പനികൾക്കും അവരുടെ ഈത്തപ്പഴവും തേൻ ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും അവരുടെ വ്യാപാരം വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ഇന്റർനാഷനൽ ഡേറ്റ്സ് ആൻഡ് ഹണി എക്സിബിഷന്റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിലെ ഈത്തപ്പഴങ്ങളുടെയും തേൻ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിചയപ്പെടുത്താനും പരിപാടി വേദിയാകും. ഈ മേഖലയിലെ നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുക, ഈത്തപ്പഴത്തിന്റെയും തേനിന്റെയും മത്സരക്ഷമത വർധിപ്പിക്കുക, പുതിയ വിപണികൾ തുറക്കുക, ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുക, ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുക എന്നിവയും പ്രദർശനം ലക്ഷ്യമിടുന്നു.
സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള നിരവധി ചെറുകിട ഇടത്തരം വാണിജ്യ കമ്പനികളും സ്ഥാപനങ്ങളും സംരംഭകരും പ്രദർശനത്തിൽ പങ്കെടുക്കും. ഇന്റർനാഷനൽ ഡേറ്റ്സ് ആൻഡ് ഹണി എക്സിബിഷന്റെ ആദ്യ പതിപ്പിൽ തേനും ഈത്തപ്പഴവും ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഉൾപ്പെടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ 13 രാജ്യങ്ങളും 150 കമ്പനികളും പങ്കെടുത്തു.