ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേഷൻ; ഖത്തറിലുള്ളവർക്ക് മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി
July 20, 2024
July 20, 2024
ന്യൂസ്റൂം ബ്യുറോ
ദോഹ: ഖത്തറിൽ ക്രൗഡ് സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നത് വരെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ സോഫ്റ്റ്വെയർ അപ്ഡേഷൻ നടത്തരുതെന്ന് ഖത്തറിലെ കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉപകരണത്തെ ബാധിക്കാനിടയുള്ളത് കൊണ്ടാണ് ഇത്തരത്തിൽ നിർദേശം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ സോഫ്റ്റ്വെയർ ഡൗൺലോഡിങ്ങും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ വികാസങ്ങൾ സമയാസമയങ്ങളിൽ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് ആഗോള തലത്തിൽ പ്രമുഖ കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ക്രൗഡ് സ്ട്രൈക്ക് കമ്പനി സാങ്കേതിക പ്രശ്നം നേരിട്ടത്. വിവിധ രാജ്യങ്ങളിൽ വിമാന സർവിസുകൾ, ടെലികോം കമ്പനികൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ഓഹരി വിപണി തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടാനും ഇത് കാരണമായിട്ടുണ്ട്.