May 07, 2024
May 07, 2024
കെയ്റോ: ഗസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയ്ക്കായി ഇസ്രായേൽ പ്രതിനിധി സംഘത്തെ ഈജിപ്തിലേക്ക് അയയ്ക്കും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചയിലെ നിർദേശങ്ങൾ കഴിഞ്ഞ ദിവസം ഹമാസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. ഖത്തർ സംഘവും ചർച്ചയ്ക്കായി നാളെ (ബുധൻ) കെയ്‌റോയിലെത്തുന്നുണ്ട്. അതേസമയം, മധ്യസ്ഥരാജ്യങ്ങളുടെ നിർദേശങ്ങൾ ഇസ്രായേൽ താൽപര്യങ്ങളിൽ നിന്ന് വിദൂരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്.
നിർദിഷ്ട കരാർ ഇസ്രായേലിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും ചർച്ചകൾക്കായി ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഖത്തർ-ഈജിപ്ഷ്യൻ രാജ്യങ്ങളുടെ നിർദ്ദേശത്തിൽ, ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കലും, പലസ്തീനികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കലും, ഇസ്രായേൽ തടവുകാരെയും, പലസ്തീൻ തടവുകാരെയും കൈമാറുന്നതും ഉൾപ്പെടുന്നുവെന്ന് ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഖലീൽ അൽ ഹയ്യ അൽ ജസീറ അറബിയോട് പറഞ്ഞു.
മൂന്ന് ഘട്ടങ്ങളുള്ള നിർദ്ദേശമാണ് മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ട് വെച്ചത്. ഓരോ ഘട്ടവും 42 ദിവസം നീണ്ടുനിൽക്കുമെന്നും ഖലീൽ അൽ-ഹയ്യ പറഞ്ഞു. ആദ്യഘട്ടത്തിൽ, തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് മധ്യസ്ഥർ മുഖേനയുള്ള ചർച്ചകൾ പുനരാരംഭിക്കും. ചില പ്രദേശങ്ങളിൽ നിന്ന് ചില ഇസ്രായേൽ സൈനികരെ പിൻവലിക്കുന്നതും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ അവരുടെ വീടുകളിലേക്ക് തടസ്സമില്ലാതെ തിരികെ കൊണ്ടുവരുന്നതും, ഗസയിലേക്ക് സഹായവും ഇന്ധനവും പ്രവേശിപ്പിക്കുന്നതും നടക്കും. രണ്ടാം ഘട്ടത്തിൽ ഗസയിലെ സൈനിക പ്രവർത്തനങ്ങൾ പൂർണമായും സ്ഥിരമായി നിർത്തലാക്കും. ഈജിപ്ത്, ഖത്തർ, യുഎൻ ഏജൻസികൾ എന്നിവയുടെ മേൽനോട്ടത്തിൽ യുദ്ധാനന്തര ഗസയിൽ പുനർനിർമ്മാണം ആരംഭിക്കുന്നതിലാണ് അന്തിമ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തോളം നീണ്ട കെയ്റോ വെടിനിർത്തൽ ചർച്ച കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മധ്യസ്ഥ നിർദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചത്. ദോഹയിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കണമെന്ന് ഖത്തറിനോടും ഈജിപ്തിനോടും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയാണ് നിലപാട് ഇരുരാജ്യങ്ങളെയും അറിയിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനെയും തങ്ങളുടെ നിലപാട് അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ദോഹയിലും പാരിസിലും വിശദമായ ചർച്ച നടന്നിരുന്നു.
ഹമാസുമായുള്ള കരാർ മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതിനാൽ അനുകൂലമായി പ്രതികരിക്കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിർദേശം നൽകിയിരുന്നു. അതേസമയം, വിഷയം പഠിക്കുകയാണെന്നും വിശദമായി പിന്നീട് പ്രതികരിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F