September 02, 2024
September 02, 2024
അൽകോബാർ: സൗദിയിൽ സ്കൂൾ ബസിന്റെ ടയർ പഞ്ചറായത് പരിശോധിക്കുന്നതിനിടെ പുറകിൽ നിന്ന് പാഞ്ഞെത്തിയ മറ്റൊരു സ്കൂൾ ബസിടിച്ച് സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. ബസിലുണ്ടായിരുന്ന മൂന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ (ഞായറഴ്ച) ഉച്ചക്ക് അൽ കോബാർ - ദഹ്റാൻ റോഡിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് സംഭവം. സ്കൂൾ ബസ് ഡ്രൈവറായ ബിഹാർ സ്വദേശി സുഭാഷ് (40) ആണ് മരിച്ചത്. അൽ മാജിദ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ക്ലാസിന് ശേഷം കൊണ്ട് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്.
സ്കൂൾ ബസിന്റെ ടയർ പഞ്ചറായത് ശ്രദ്ധയിൽപ്പെട്ട സമീപത്ത് കൂടെ പോയ കാറിന്റെ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു സുഭാഷ്. ഇതിനിടെ അതേ ട്രാക്കിലൂടെ തന്നെ പിറകിലൂടെ വന്ന മറ്റൊരു സ്കൂൾ മിനി ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ട ബസിൽ പാഞ്ഞുകയറുകയായിരുന്നു. ഇടിച്ചു കയറിയ ബസ് മുന്നിലെ ബസിനെ തള്ളി നിരക്കി നീക്കുമ്പോൾ ടയർ പരിശോധിച്ചു കൊണ്ടിരുന്ന ഡ്രൈവർ ഇതിനിടയിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസിന്റെ മുന്നിൽ പെട്ട് കുരുങ്ങിയ ഡ്രൈവറെയും ചേർത്ത് ഞെരിച്ചമർത്തി റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് ബസ് നിന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഡ്രൈവർ മരിച്ചിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ റെഡ് ക്രസന്റ് സ്ഥലത്തെത്തി. മരിച്ച സുഭാഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ള വിദ്യാർത്ഥികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മധ്യവേനൽ അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് മരിച്ച സുഭാഷ് നാട്ടിൽ നിന്നും തിരികെയെത്തിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F