ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി; നിയമം നാളെ മുതൽ പ്രാബല്യത്തിൽ
July 30, 2024
July 30, 2024
ന്യൂസ്റൂം ബ്യുറോ
ദുബായ്: ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബി.സി.എ.എസ്-ഇന്ത്യ) പുതിയ നിർദേശം പുറപ്പെടുവിച്ചത്. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും.
വിമാനത്താവളങ്ങളിലെ ടെർമിനൽ പ്രവേശനത്തിന് മുമ്പ് യാത്രക്കാരുടെ ഇ-ടിക്കറ്റുകളിലെ ബാർകോഡ് സുരക്ഷ ഉദ്യോഗസ്ഥർ സ്കാൻ ചെയ്ത് യാത്രാ രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് നിർദേശം. കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ ‘ഡിജി യാത്ര’ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തവർക്കും ടെർമിനലിൽ പ്രവേശനം അനുവദിക്കും. പുതിയ വ്യവസ്ഥ അനുസരിച്ച്, യാത്രക്കാർക്ക് ബാർകോഡുള്ള ഇ-ടിക്കറ്റുകൾ അനുവദിക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്ലാ വിമാന കമ്പനികൾക്കും മേയ് 10ന് ബി.സി.എ.എസ് നിർദേശം നൽകിയിരുന്നു. നിലവിൽ ഇന്ത്യയിലെ ബജറ്റ് എയർലൈനുകളിൽ ഭൂരിഭാഗവും അനുവദിക്കുന്ന ഇ-ടിക്കറ്റുകളിൽ ബാർകോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില കമ്പനികൾ ഇതുവരെ ബാർകോഡ് അനുവദിക്കാൻ തയാറായിട്ടില്ല. ബാർകോഡില്ലാത്ത ടിക്കറ്റുമായെത്തിയാൽ അവസാന നിമിഷം യാത്ര മുടങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം ഉറപ്പുവരുത്താൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഇത് സംബന്ധിച്ച് ഗൾഫ് എയർ ഉൾപ്പെടെയുള്ള വിദേശ എയർലൈനുകൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് കൈമാറിയിട്ടുണ്ട്. ബാർകോഡില്ലാത്ത ടിക്കറ്റ് മൂലം യാത്ര മുടങ്ങിയാൽ തങ്ങൾ ഉത്തരവാദികളല്ലെന്നാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, സന്ദർശന വിസയിൽ പോകുന്നവർക്ക് പുതിയ നിർദേശം തിരിച്ചടിയാകും. പലരും മടക്കയാത്ര തീരുമാനിക്കാത്തതിനാൽ ഡമ്മി ടിക്കറ്റുകളാണ് നിലവിൽ ഹാജരാക്കാറുള്ളത്. എന്നാൽ, ബാർകോഡ് സംവിധാനത്തിലേക്ക് മാറുന്നതോടെ ഇനി ഡമ്മി ടിക്കറ്റുകൾ ഉപയോഗിക്കാനാവില്ല. ടിക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്യാനുള്ള ഡിജിറ്റൽ ഉപകരണം വിമാനത്താവളങ്ങളിലെ പരിശോധനാ ഉദ്യോഗസ്ഥരും അധികൃതരും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. വിമാനയാത്രകൾ ഡിജിറ്റൽവത്കരിക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയാണ് പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നത്.