June 16, 2024
June 16, 2024
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന് മാത്രമാണുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണിത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി.
ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.
നേരത്തെ ബാബരി മസ്ജിദ് പരാമർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങളും എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍, ഇതിനെ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മ്മിച്ച മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്.
ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യ വരെയുള്ള ബിജെപി രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.