ഫ്രീഡം സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; 1,947 രൂപ മുതൽ ടിക്കറ്റ് സ്വന്തമാക്കാം
August 03, 2024
August 03, 2024
ന്യൂസ്‌റൂം ബ്യുറോ
കൊച്ചി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം സെയില്‍ ഓഫർ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. 1947 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. സെപ്‌റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- രാജ്യാന്തര യാത്രകള്‍ക്കായി ഓഗസ്‌റ്റ് 5 വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെ എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം. എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും, രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1300 രൂപയും മാത്രമാണ് ഈടാക്കുക.
15 രാജ്യാന്തര സ്ഥലങ്ങളിലേക്കും 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ആഴ്‌ച തോറും കൊച്ചിയില്‍ നിന്നും 108, തിരുവനന്തപുരത്ത് നിന്നും 70, കോഴിക്കോട് നിന്നും 90, കണ്ണൂരില്‍ നിന്നും 57 ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 47 ശതമാനം കിഴിവില്‍ ബിസ്- പ്രൈം സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം തുടങ്ങിയവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട - ഇടത്തരം സംരംഭകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പ്രത്യേക കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം.