May 08, 2024
May 08, 2024
ഷാർജ: ഷാർജയില്‍ കാറിനുള്ളില്‍ വിദ്യാർത്ഥി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വിട്ടുപോയതിനെ തുടർന്നാണ് ഏഴു വയസ്സുകാരൻ കാറിനുള്ളിൽ മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ അൽ ഷഹബ ഏരിയയിലായിരുന്നു സംഭവം. ഇബ്ന് സിനാ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. വിദ്യാർത്ഥികളുമായി കാർ രാവിലെ സ്കൂളിൽ എത്തിയപ്പോൾ ഈ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ പാർക്ക് ചെയ്ത് വനിതാ ഡ്രൈവർ അവിടെ നിന്ന് ഭർത്താവിനോടൊപ്പം മറ്റൊരു കാറിൽ പോവുകയായിരുന്നു. കാർ ലോക്ക് ചെയ്തതിനാൽ കുട്ടിക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.
ഉച്ചയ്ക്ക് വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുവിടാൻ വേണ്ടി ഡ്രൈവർ എത്തിയപ്പോഴാണ് കുട്ടിയെ കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ അൽ ഖാസമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അനധികൃത ടാക്സി കാറാണ് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഏർപ്പാടാക്കിയിരുന്നത്. വനിതാ ഡ്രൈവർക്ക് ഇതിനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല.
സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് കാരണക്കാരി ഡ്രൈവർ ആണെന്ന് അംഗീകരിക്കാൻ പിതാവ് സമ്മതിക്കാത്തതിനാൽ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഡ്രൈവറെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹനങ്ങളിൽ വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കുന്നത് അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരിച്ച കുട്ടിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F