ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
ഗസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഹെർഷ് ഗോൾഡ്ബെർ പോളിൻ (23), എദൻ യെരുഷ്ലാമി (24), ഒറി ഡാമിനോ (25), അലക്സ് ലുബ്നോവ് (32), അൽമോഗ് സാരുസി (25), കാർമെൽ ഗാറ്റ് (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബന്ദികളിൽ കാർമെൽ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്നോ ദിവസം മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഹമാസുമായി ഇസ്രായേൽ കരാറിലെത്തിയിരുന്നുവെങ്കിൽ ആറ് ബന്ദികളും ഇന്ന് ജീവനോടയുണ്ടാവുമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ബന്ദികൾ മരിച്ച വിവരം ഇന്ന് (ഞായർ) രാവിലെയാണ് അറിഞ്ഞതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം, ഗസയിലെ കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങിയിട്ടുണ്ട്. യു.എൻ ആവശ്യപ്രകാരം മൂന്ന് ദിവസം താൽക്കാലികമായി വെടിനിർത്താമെന്ന് ഇസ്രായേൽ സമ്മതിച്ചതോടെയാണ് വാക്സിനേഷന് തുടക്കമായത്. ഖാൻ യൂനുസിലെ നാസർ ആശുപത്രിയിൽ 10 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകിയതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 6.50 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുക. ഇന്ന് (ഞായറാഴ്ച) പൂർണതോതിൽ വാക്സിനേഷൻ നടപ്പാക്കും.
കൂടാതെ, ഇന്നലെ (ശനിയാഴ്ച) വിവിധ ഭാഗങ്ങളിൽ നിന്ന് 89 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായും 205 പേർക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ് ജെനിൻ പട്ടണം. ഗസയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F