സൗദിയിലെ അസീറിൽ കാര്‍ ഒഴുക്കില്‍പെട്ട് അഞ്ചു പേർ മരിച്ചു
August 25, 2024
August 25, 2024
ന്യൂസ്‌റൂം ബ്യുറോ
അബഹ: അസീര്‍ പ്രവിശ്യയില്‍ പെട്ട സഈദ അല്‍സ്വവാലിഹയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. മഹായിലിലെ ആലുഖതാരിശ് അല്‍ബുഹൈഖി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഈദ് അല്‍സഹ്‌റാനിയും, ഇദ്ദേഹത്തിന്റെ ഭാര്യയും ഇവരുടെ രണ്ടു ആണ്‍മക്കളും ഒരു മകളുമാണ് മരണപ്പെട്ടതെന്ന് അസീര്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മൃതദേഹങ്ങളും അല്‍ബിര്‍ക് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസീര്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി ഫഹദ് അഖാലാ, മഹായില്‍ വിദ്യാഭ്യാസ വകുപ്പ് മേധാവി അലി ബിന്‍ അഹ്മദ് യൂസുഫ് എന്നിവര്‍ മറ്റ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഖുന്‍ഫദക്ക് കിഴക്ക് ഖമീസ് ഹര്‍ബിലെ വാദി അറഫില്‍ കാര്‍ ഒഴുക്കില്‍ പെട്ട് മരിച്ച രണ്ടു പേരുടെ മൃതദേങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെത്തി. സൗദി പൗരനും ഒപ്പമുണ്ടായിരുന്ന സുഡാനിയുമാണ് മരിച്ചത്. കാര്‍ ഒഴുക്കില്‍ പെട്ടത് കണ്ട് ഷെവല്‍ ഡ്രൈവര്‍ ഷെവലുമായി എത്തി യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഷെവല്‍ സമീപമെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് കാര്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ദൂരേക്ക് ഒലിച്ചുപോവുകയായിരുന്നു. സിവില്‍ ഡിഫന്‍സും പോലീസും സബ്തല്‍ജാറ ബലദിയയും വളണ്ടിയര്‍മാരും നടത്തിയ തിരച്ചിലുകളില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം, ജിദ്ദ -മക്ക പ്രവിശ്യയില്‍ ഖുന്‍ഫുദയില്‍ ഖമീസ് ഹര്‍ബ് റോഡ് മലവെള്ളപ്പാച്ചില്‍ തകര്‍ന്ന് ഏതാനും കാറുകള്‍ ആഴമേറിയ കുഴിയില്‍ പതിച്ചു. റോഡ് തകര്‍ന്നത് അറിയാതെ എത്തിയ കാറുകളാണ് അപ്രതീക്ഷിതമായി കുഴിയില്‍ പതിച്ചത്. കാറുകള്‍ കുഴിയില്‍ പതിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു. കനത്ത മഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടതിനാല്‍ ഖുന്‍ഫുദക്ക് തെക്കുള്ള റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഹൈവേ സുരക്ഷാ സേന ആവശ്യപ്പെട്ടിരുന്നു.