June 23, 2024
June 23, 2024
ദോഹ: ഖത്തറിൽ നിയമലംഘനം നടത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകൾ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പിടികൂടി. പവിഴപ്പുറ്റുകളിൽ മത്സ്യബന്ധന വല വീശിയത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കാണ് അൽ ഖോർ മേഖലയിൽ നിന്ന് തീരസംരക്ഷണ വകുപ്പ് ബോട്ടുകൾ പിടികൂടിയത്.
കടലിലേക്ക് മാലിന്യം എറിയരുതെന്നും, ഒന്നിലേറെ അടുക്കുകൾ ഉള്ള നൈലോൺ വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കരുതെന്നും, പവിഴപ്പുറ്റുകളിലോ നിരോധിത പ്രദേശങ്ങളിലോ മീൻ പിടിക്കരുതെന്നും അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊട്ടിയ വല ഭാഗങ്ങൾ തിന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഒഴിവാക്കാനും സമുദ്ര ആവാസ വ്യവസ്ഥ സംരക്ഷിക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.