September 09, 2024
September 09, 2024
മസ്കത്ത്: ഒമാനിൽ ആഡംബര കപ്പല്‍ യാത്രക്കാർക്ക് പത്ത് ദിവസത്തെ സൗജന്യ വീസ പ്രഖ്യാപിച്ചു. ഇതിന് പുറമെ 30 ദിവസം വരെയുള്ള വീസക്കും സൗകര്യമൊരുക്കിയതായും അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ് ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറാഖി പുറത്തിറക്കിയ 132/2024 നമ്പര്‍ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രക്കാർ എന്നിവര്‍ക്കാണ് പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തരം അപേക്ഷിക്കണം. ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വീസാ കാലാവധി. 30 ദിവസം വരെ വീസ നേടുന്നതിനും അവസരമുണ്ട്. വീസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ പ്രവേശിക്കണം.
ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനം വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കപ്പല്‍ സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കത്ത്, സലാല, ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F