ഖത്തറിലെ ലുസൈൽ ട്രാം നെറ്റ്‌വർക്കിൽ ഒരു ലൈൻ കൂടി,ടർക്കോയിസ് ലൈൻ ഗതാഗത മന്ത്രി ഉൽഘാടനം ചെയ്തു
January 06, 2025
January 06, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലുസൈൽ ട്രാം റെയിൽ ശൃംഖലയിൽ പുതിയ ഹരിത നീലനിറത്തിലുള്ള(ടർക്കോയിസ്) ഒരു ലൈൻ കൂടി പ്രവർത്തനമാരംഭിച്ചു. ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയാണ് പുതിയ ലൈൻ ഗതാഗതത്തിനായി തുറന്നത്.ഖത്തർ റെയിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈ,ഖത്തർ റെയിലിലെയും ഗതാഗത മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഉൽഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഒരു ലൈൻ കൂടി ഉൾപ്പെടുത്തി ട്രാം സേവനം വിപുലപ്പെടുത്തുന്നത്.ലുസൈൽ ക്യുഎൻബി, അൽ യാസ്മീൻ, ഫോക്സ് ഹിൽസ് - സൗത്ത്, ഡൗൺടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് - നോർത്ത്, ക്രസൻ്റ് പാർക്ക് - നോർത്ത്, റൗദത്ത് ലുസൈൽ, എർക്കിയ, ലുസൈൽ സ്റ്റേഡിയം എന്നിവ ഉൾപ്പെടുന്നതാണ് ടർക്കോയിസ് ലൈൻ.
ലുസൈൽ സിറ്റിയിലെ താമസക്കാർക്കും സന്ദർശകർക്കും തിരക്കുള്ള ദിവസങ്ങളിൽ ടർക്കോയിസ് ലൈൻ കൂടുതൽ യാത്രാസൗകര്യം ഒരുക്കും.നഗരത്തിനുള്ളിലെ വിവിധ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താൻ പുതിയ ലൈൻ സഹായിക്കും. പിങ്ക്, ഓറഞ്ച്, പർപ്പിൾ, ടർക്കോയ്സ് എന്നീ നാല് ലൈനുകളിലായി 25 സ്റ്റേഷനുകളിലേക്ക് ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം ഉറപ്പാക്കുന്നതാണ് ലുസൈൽ ട്രാം ശൃംഖല.19 കിലോമീറ്ററാണ് ആകെ ദൈർഘ്യം.
സാധാരണ ദിവസങ്ങളിൽ രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1:30 വരെയുമാണ് ലുസൈൽ ട്രാം സർവീസ് നടത്തുന്നത്.99 ഖത്തർ റിയാലിന് ഒരു മാസത്തേക്ക് അൺലിമിറ്റഡ് യാത്ര അനുവദിക്കുന്ന മെട്രോ പാസിന്റെ നിരക്കിളവ് 2025 ഏപ്രിൽ വരെ നീട്ടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ