Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
ഉമ്മയെ കാണാൻ ഒടുവിൽ കുഞ്ഞുമറിയം എത്തി,ദോഹയിൽ നിന്നും അസാധാരണമായ ഒരു പുനഃസമാഗമത്തിന്റെ കഥ

November 05, 2024

mother-and-baby-gaza-are-reunited-11-months-after-being-separated-birth

November 05, 2024

അൻവർ പാലേരി

ദോഹ :ജന്മം നൽകിയ കുഞ്ഞിനെ പതിനൊന്ന് മാസങ്ങൾക്ക് ശേഷം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് റനീം ഹിജാസി എന്ന ഫലസ്തീൻ യുവതി.ദോഹയിലെ തങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിന്റെ വാതിൽ തുറന്ന് അമ്മായിയമ്മ കുഞ്ഞ് മറിയത്തെ കൈകളിൽ ഏൽപിച്ചപ്പോൾ ഹിജാസിക്ക് കണ്ണീരും സന്തോഷവും കാരണം ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു.സ്വീകരണമുറിയിലെ വീൽചെയറിലിരുന്ന് അവൾ സന്തോഷം ഉള്ളിലടക്കി വിതുമ്പി.

23 വയസ്സുള്ള ഹിജാസി ഇപ്പോൾ വീൽചെയറിലാണ്.ഒരു കൈ.മാസങ്ങൾക്ക് മുമ്പ് ഛേദിക്കപ്പെട്ടതാണ്. കാലുകളിൽ ഇപ്പോഴും പ്ലാസ്റ്ററും ബ്രേസുകളും നിറഞ്ഞിരിക്കുന്നു. അവൾ കുഞ്ഞ് മറിയത്തെ ഒറ്റക്കൈകൊണ്ട് നെഞ്ചോട് ചേർത്ത് ചുംബിച്ചു.
"ഇത് ഞാനാണ്, നിന്റെ ഉമ്മ." എന്നാൽ മറിയം അവളെ തിരിച്ചറിയുന്നില്ലെന്ന് വ്യക്തമാണ്.
കുഞ്ഞ് ഓടി മുത്തശ്ശിയെ സമീപിക്കുന്നു.

ഇങ്ങനെയൊരു നിമിഷം ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകാനിടയില്ലെന്നായിരുന്നു ഹിജാസി കണക്കുകൂട്ടിയിരുന്നത്.ആ നീറ്റലിൽ ആശുപത്രിയും ചികിത്സയുമായി അവൾ തള്ളിനീക്കിയത് പതിനൊന്ന് മാസം.ഒരു ഡസനിലധികം ശസ്ത്രക്രിയകളിലൂടെയും കഠിനമായ ശാരീരികവും വൈകാരികവുമായ വേദനകളിലൂടെയും കടന്നുപോയ ഹിജാസി ഇപ്പോൾ ആശ്വാസ തീരത്താണ്.പതിനൊന്നു മാസങ്ങൾക്ക് ശേഷം അവൾക്ക് കുഞ്ഞുമാറിയത്തെയും ഭർത്താവിനെയും മാതാപിതാക്കളെയും തിരിച്ചുകിട്ടിയിരിക്കുന്നു. ഫലസ്തീനിൽ നിന്നും തേടിയെത്തുന്ന കരളലിയിക്കുന്ന ആയിരക്കണക്കിന് നൊമ്പരക്കാഴ്ചകളുടെയും വീണ്ടെടുപ്പിന്റെയും കഥകളിൽ ഒന്ന് മാത്രമാണിത്.

മറിയം ജനിച്ച രാത്രി
മറിത്തിന്റെ ജനനം ഒരു അത്ഭുതമായിരുന്നു. 2023 ഒക്ടോബർ 7 ന് ഹമാസിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിൽ ആക്രമണം നടക്കുമ്പോൾ ഹിജാസി എട്ട് മാസം ഗർഭിണിയായിരുന്നു.ഗാസ സിറ്റിയിൽ ഇസ്രായേൽ പ്രത്യാക്രമണം തുടങ്ങുമ്പോൾ അവൾ ഭർത്താവിനും കുടുംബത്തിനും അവരുടെ 11 മാസം പ്രായമുള്ള മകൻ അസുസിനും ഒപ്പം വീട്ടിലായിരുന്നു.തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സെൻട്രൽ ഗസയിൽ അഭയം തേടാനായിരുന്നു നിർദേശം.അവിടെ “സുരക്ഷിത മേഖല”യാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.അവിടെ വെച്ചാണ് പുലർച്ചെ 3 മണിയോടെ ഹിജാസിയും കുടുംബവും താമസിച്ചിരുന്ന സ്ഥലത്ത് വ്യോമാക്രമണം ഉണ്ടായത്.കനത്ത വ്യോമാക്രമണത്തിൽ വീട് പൂർണമായും തകർന്നു.ഹിജാസിയുടെ അമ്മായിയമ്മ സോഹ സക്കല്ലയാണ് ഗുരുതരമായി പരിക്കേറ്റ ഹിജാസിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്.

"അവളുടെ കാലിലെ എല്ലുകളും മാംസവും പുറത്തേക്ക് കാണാമായിരുന്നു.ചുറ്റിലും ഇരുട്ട് മാത്രം. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു,” കരഞ്ഞുകൊണ്ട് സക്കല്ല ഓർക്കുന്നു.സമീപത്ത്, അവർ  ഭയാനകമായ മറ്റൊരു ദൃശ്യം കൂടി കണ്ടു: ഹിജാസിയുടെ മകൻ അസൂസ്, സോഹയുടെ ചെറുമകൻ ചലനമറ്റ് കിടക്കുന്നു. “അസൂസ്, അസൂസ് എന്ന് നിലവിളിച്ചുകൊണ്ട് അവർ പേരക്കുട്ടിയെ ചേർത്തുപിടിച്ചു.അവന്റെ തല അറ്റുപോയിരുന്നു.

ബേബി അസൂസും മറ്റ് ഏഴ് കുടുംബാംഗങ്ങളുമാണ് അന്ന് കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ് അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത ഹിജാസി, രക്ഷപ്പെട്ട ഭർത്താവ് അസദ് സക്കല്ലയോട് പറഞ്ഞു, “എന്നെ വിടൂ. എന്നെ മരിക്കാൻ വിടൂ. എൻ്റെ മകൻ മരിച്ചു."

പക്ഷേ അവർ ഹിജാസിയെ തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലുള്ള നാസർ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.അവിടെ ആയിരക്കണക്കിന് ആളുകൾ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷ തേടി എത്തിയിരുന്നു.

അവിടെ വെച്ച്‌ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റുകൾ മാത്രം കത്തിച്ച് ഡോക്ടർമാർ അവൾക്ക്  അടിയന്തര സിസേറിയൻ നടത്തി പ്രായം തികയാത്ത കുഞ്ഞിനെ പുറത്തെടുത്തു.വൈദ്യുതിയോ വെള്ളമോ അണുബാധയെ ചെറുക്കാൻ ആൻ്റിബയോട്ടിക്കുകളോ ഇല്ലായിരുന്നു സിസേറിയൻ.

കൊല്ലപ്പെട്ട ഭർത്താവിൻ്റെ സഹോദരിയുടെ ഓർമയിൽ അവർ അവൾക്ക് മറിയം എന്ന് പേരിട്ടു.

"ഞാൻ മറിയത്തെ അന്ന് മാത്രമാണ് കണ്ടത്.ഇപ്പോഴിതാ അവൾക്കൊപ്പം ഞാനും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു " ഹിജാസി പറഞ്ഞു നിർത്തി.

മറിയത്തിന് ജന്മം നൽകിയ ശേഷം, മുറിവുകൾ ഗുരുതരമായതിനാൽ ഹിജാസിയെ ആദ്യം ഈജിപ്തിലേക്കും പിന്നീട് ഖത്തർ ഭരണകൂടം ദോഹയിലേക്കും മാറ്റി.ഗാസയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ 2,000 രോഗികൾക്കൊപ്പം അവൾക്കും ഖത്തർ മികച്ച ചികിത്സയും പരിചരണവും നൽകി.എണ്ണമറ്റ മണിക്കൂറുകൾ നീളുന്ന മാനസികവും ശാരീരികവുമായ തെറാപ്പികൾക്ക് വിധേയയായി. - അത് ഇപ്പോഴും തുടരുന്നു. എന്നാൽ അവൾ അവളുടെ കുടുംബത്തിൽ നിന്ന് ഏതാണ്ട് 1,000 മൈലിലധികം അകലെയായിരുന്നു.ഉറ്റവരൊന്നും കൂടെയില്ലാത്ത ആ ഒറ്റപ്പെടലും വേദനയും ഇപ്പോഴും മറക്കാനാകുന്നില്ലെന്നും ഹിജാസി കൂട്ടിച്ചേർത്തു.

പതിനൊന്നു മാസങ്ങൾക്ക് ശേഷം പുനഃസമാഗമം
10 മാസത്തോളം, മകൻ നഷ്ടപ്പെട്ട ദുഃഖത്തിൽ വേദനയും ചികിത്സയുമായി കഴിഞ്ഞ ഹിജാസി, തൻ്റെ രണ്ടാമത്തെ കുഞ്ഞ് വളരുന്നത് വീഡിയോ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ആശുപത്രി കിടക്കയിൽ നിന്ന് കാണേണ്ടി വന്നു.

"എല്ലാ ദിവസവും അവൾ പുതിയ എന്തെങ്കിലും ചെയ്യുമായിരുന്നു," ഹിജാസി ഓർക്കുന്നു.

ഗസയിൽ നിന്ന് പലായനം ചെയ്യാൻ അവർ ആയിരക്കണക്കിന് ഡോളർ ഇസ്രായേൽ സൈനികർക്ക് നൽകിയെങ്കിലും ഖത്തറിലേക്ക് അവർക്ക് വിസ ഉണ്ടായിരുന്നില്ല. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞുമറിയത്തിനും ഭർത്താവിനും മാതാപിതാക്കൾക്കും ഒടുവിൽ ഈജിപ്തിലെത്താൻ കഴിഞ്ഞത്.

'ഞാൻ ദോഹയിൽ എത്തിയപ്പോൾ, സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വളരെയധികം ചിന്തിക്കാറുണ്ടായിരുന്നു.തുടക്കത്തിൽ, ഞാൻ ഉറങ്ങിയിരുന്നില്ല.ഞങ്ങൾ ആക്രമിക്കപ്പെട്ട ഇരുണ്ട ദിനം പേടിസ്വപ്നങ്ങളായി കാണുന്നുണ്ടെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു.അപ്പോഴെല്ലാം കുഞ്ഞുമറിയത്തെ,ഞാൻ ജന്മം നൽകിയ രണ്ടാമത്തെ കുഞ്ഞിനെ വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ് മുന്നോട്ട് നയിച്ചത്.'

ഓഗസ്റ്റിലെ അവസാന ദിവസങ്ങളിലൊന്നിൽ, ഹിജാസിയുടെ കുടുംബത്തിന് കുഞ്ഞുമറിയത്തോടൊപ്പം  ദോഹയിലെത്താൻ അനുമതി ലഭിച്ചു.സെപ്തംബറോടെ,രണ്ട് കിടപ്പുമുറികളുള്ള ചെറിയ അപ്പാർട്ട്‌മെന്റിൽ കുടുംബം താമസമാക്കി. ഒരു ബബ്ലി ബേബിയും ഹിജാസിയുടെ ഭർത്താവും മറിയത്തെ വളർത്താൻ സഹായിച്ച മാതാപിതാക്കളായ സോഹയും ഇസത്ത് സക്കല്ലയുമൊക്കെ ചേർന്ന് വീണ്ടും വേദനകൾ മറന്ന് ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു.

“അവൾ ഈ വീടിൻ്റെ അംഗ്രഹമാണ് ” മുത്തച്ഛൻ എസ്സാത്ത് പറയുന്നു, 'ഈ വീടിൻ്റെ സന്തോഷം.'

മകളുടെ സാന്നിദ്ധ്യം തന്റെ ആരോഗ്യവും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിന് ഏറെ സഹായിച്ചതായി റനീം ഹിജാസി പറയുന്നു.
കടപ്പാട് :Pulitzer Center
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News