കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു.ആദ്യ സന്ദര്‍ശനം ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂളിലായിരുന്നു. ചൂരല്‍ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ദുരന്തത്തിന്റെ ഭീകരത അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു കൊടുത്തു. എഡിജിപി എംആര്‍ അജിത്ത് കുമാറാണ് പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തത്. ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അവിടെ സൈനികര്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
ബെയ്‌ലി പാലത്തിന് അപ്പുറത്താണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ മോദി കണ്ടത്. പ്രദേശത്തെ വിവരങ്ങള്‍ മോദി ചോദിച്ചറിഞ്ഞു. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലത്താണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ചൂരല്‍മലയിലെ ഈ പ്രദേശത്ത് നിന്നാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴ ഗതിമാറി ഒഴുകിയതും ഇവിടെ നിന്നാണ്.
കിടപ്പുരോഗിയായ പിതാവിനെയും കൊണ്ട് ഓടി രക്ഷപ്പെട്ട ജയേഷിന്റെ വീട് വരെയാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയത്. നേരത്തെ ജയേഷിന്റെ വീടാകെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നിരുന്നു. ചൂരല്‍മലയിലെ ടൗണിന്റെ തൊട്ടുമുമ്പ് വരെ മോദി നടന്നെത്തിയിരുന്നു. അതേസമയം മൂന്ന് മണി വരെയാണ് അദ്ദേഹം ദുരന്തഭൂമിയില്‍ ചെലവിടുക. നേരത്തെ പറഞ്ഞതിലും പതിനഞ്ച് മിനുട്ട് കൂടുതല്‍ അദ്ദേഹം വയനാട്ടിലുണ്ടാവും.
നേരത്തെ ഹെലികോപ്ടറില്‍ ഇരുന്നും പ്രധാനമന്ത്രി ദുരന്തം തകര്‍ത്ത മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവയെല്ലാം കണ്ടിരുന്നു.റോഡ് മാര്‍ഗമാണ് മോദി കല്‍പ്പറ്റയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പുറപ്പെട്ടത്. രക്ഷാസേനയുമായും ചൂരല്‍മലയില്‍ വെച്ച് മോദി സംസാരിച്ചു.
വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അടക്കമുള്ളവരും പ്രധാനമന്ത്രിയോട് ദുരന്തത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു. പോലീസിന്റെ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘങ്ങളുമായിട്ടാണ് മോദി സംസാരിച്ചത്. 50 മിനുട്ടോളം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവിടുകയും ചെയ്തു. ഓരോ ഭാഗത്തും എത്തി എന്താണ് നടന്നതെന്ന് മോദി ചോദിച്ചറിഞ്ഞിരുന്നു.
എവിടെയാണ് പ്രഭവകേന്ദ്രം, എവിടെ നിന്നാണ് ഉരുള്‍പ്പൊട്ടലുണ്ടായത് എന്നിവയെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞിട്ടുണ്ട്. പതിനഞ്ച് മിനുട്ട് ചൂരല്‍മലയില്‍ ചെലവിടുമെന്നായിരുന്നു നേരത്തെയുള്ള സമയക്രമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ കൂടുതലാണ് മോദി ദുരന്തഭൂമിയില്‍ ചെലവിട്ടിരിക്കുന്നത്.
മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബും മോദി സന്ദര്‍ശിച്ചു ഇവിടെ ഒന്‍പത് പേരെ മോദി കാണും. ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇവിടെയുണ്ട്. വിംസ് ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തുകയാണ്.
അതേസമയം,പ്രധാനമന്ത്രിയുടെ സന്ദർശനം വയനാട്ടിലെ ദുരന്ത ബാധിതർക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F