മസ്കത്ത്: ജോലി മാറാൻ ശ്രമിച്ച മകനെ കമ്പനി ഉടമ കള്ളക്കേസിൽ കുടുക്കിയതിൽ മനം നൊന്ത് പിതാവ് നാട്ടിൽ ജീവനൊടുക്കിയതായി റിപ്പോർട്ട്.ഒമാൻ അസൈബയിൽ താമസിക്കുന്ന കൊല്ലം കടയ്ക്കൽ കാരിയം സ്വദേശി വിഷ്ണു സതീഷ് ബാബു(35)വിന്റെ പിതാവ് സതീഷ് ബാബു(65)വാണ് ഈ മാസം 11-ന് നാട്ടിൽ ആത്മഹത്യ ചെയ്തത്.28 വർഷത്തോളം ഒമാനില്‍ ഡ്രൈവറായിരുന്നു സതീഷ് ബാബു.
2014 മുതൽ ഒമാനിൽ പ്രവാസിയായ മകൻ വിഷ്ണു 2017ലായിരുന്നു കൊല്ലം കല്ലമ്പലം സ്വദേശി ജയറാം എന്നയാളുടെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. 2019 ൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിയില്ലെന്നും സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തോളാനും കമ്പനിയധികൃതർ വിഷ്ണുവിനോട് നിർദേശിക്കുകയായിരുന്നു. സ്പെയർ പാർട്സുകൾ വിൽക്കുന്ന സ്ഥാപനമായതിനാൽ ഇതേക്കുറിച്ച് പഠിച്ചവർക്ക് മാത്രമേ സെയിൽസിൽ ജോലി ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യം അറിയിച്ചപ്പോൾ ബ്രാഞ്ച് ഇൻചാർജായി നിൽക്കാനായിരുന്നു നിർദേശം.നാല് വർഷത്തോളം ഇവിടെ ജോലി ചെയ്‌തെങ്കിലും സ്പെയർപാർട്സുകളുടെ സ്റ്റോക്കിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനയുടമയുടെ മകനോട് സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.
തുടർന്ന് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വിഷ്ണുവിന് ജോലി വാഗ്ദാനങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മെച്ചപ്പെട്ട ജോലിയിലേയ്ക്ക് മാറാമെന്ന് കരുതി 2023 മാർച്ച് 20ന് രാജിക്കത്ത് നൽകിയത്. പിന്നാലെ, കണക്കിൽ 32,0000 റിയാൽ തിരിമറി നടത്തി എന്ന് വ്യാജ രേഖകളുണ്ടാക്കി തൊഴിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്. തുടർന്ന് സിഐഡിയെക്കൊണ്ട് പിടിപ്പിക്കാൻ നോക്കിയെങ്കിലും സുഹൃത്തിന്റെ താമസ സ്ഥലത്തേയ്ക്ക് മാറിയതിനാൽ സാധിച്ചില്ല. എന്നാൽ കേസ് ഫയൽ ചെയ്തതോടെ യാത്രാ വിലക്കുണ്ടായതിനാൽ ജോലി മാറ്റവും നാട്ടിലേയ്ക്കുള്ള മടക്കയാത്രയും മുടങ്ങുകയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ 2 വർഷമായി വിഷ്ണുവിന് നാട്ടിലേയ്ക്ക് പോകാൻ സാധിച്ചിട്ടില്ല. വിഷ്ണു സിഐഡി കസ്റ്റഡിയിലാണെന്നതടക്കമുള്ള ഇല്ലാത്ത കാര്യങ്ങൾ ജയറാമും കൂട്ടരും നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഒരിക്കലും വിഷ്ണുവിനെ നാട്ടിലേയ്ക്ക് വിടില്ലെന്നും പട്ടിണി കിടത്തി കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിഷ്ണു ഒരു മാധ്യമത്തോട് പറഞ്ഞു.
വിവരങ്ങൾ അറിഞ്ഞു വിഷ്ണുവിന്റെ പിതാവ് സതീഷ് ബാബുവും ഭാര്യയും പലപ്രാവശ്യം ജയറാമിന്റെ നാട്ടിലെ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ യുവാവായ മകൻ മാനസികമായി തളർത്തിയും അപമാനിച്ചും ആട്ടിയകറ്റി. തന്റെ ആകെയുള്ള സമ്പാദ്യമായ വീടും പറമ്പും വിറ്റിട്ടാണെങ്കിലും തിരിമറി നടത്തി എന്ന് കള്ളപ്പരാതി നൽകിയ പണം തിരിച്ചു നൽകാമെന്നും മകനെ വെറുതെ വിടണമെന്നും പറഞ്ഞെങ്കിലും വൈരാഗ്യത്തോടെയായിരുന്നു ഈ വയോധികനോടും സ്ത്രീയോടും പെരുമാറിയത്. പിതാവിനെ പിടിച്ചു തള്ളുക പോലും ചെയ്തെന്ന് വിഷ്ണു പറഞ്ഞു. അത്രയ്ക്കും അപമാനഭാരത്തോടെയായിരുന്നു സതീഷ് ബാബുവും വിഷ്ണുവിന്റെ ഭാര്യയും അവിടെ നിന്ന് മടങ്ങിയത്. മാനസിക വിഷമം താങ്ങാനാകാതെ സതീഷ് ബാബുവിന് ഹൃദയാഘാതമുണ്ടാവുകയും ഭാഗ്യത്തിന് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും മാനസികാഘാതം താങ്ങാനാകാതെ വീട്ടിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F