ദുബായ് : ഗൾഫിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസിനെ കുറിച്ച് നല്ലതല്ലാത്ത കാര്യങ്ങൾ മാത്രം കേട്ടുശീലിച്ച പ്രവാസികൾ കഴിഞ്ഞ ദിവസം കേട്ടത് നന്മയുടെ മുഖശ്രീയുള്ള ഒരു എയർ ഹോസ്റ്റസിനെ കുറിച്ചുള്ള നല്ല കഥകളാണ്.ദുബായിലെ കെ.എം.സി.സി നേതാവും കാസർകോഡ് സ്വദേശിയുമായ യഹിയ തളങ്കരയാണ് തനിക്കുണ്ടായ നല്ല അനുഭവം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.ഭാര്യാ സഹോദരന്റെ മരണവിവരമറിഞ്ഞു ധൃതിയിൽ നാട്ടിലേക്ക് പുറപ്പെട്ട തനിക്ക് സ്വന്തമായി കഴിക്കാൻ കരുതിവെച്ച ഭക്ഷണം തന്ന എയർ ഹോസ്റ്റസിനെ കുറിച്ചാണ് പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം കുറിച്ചത്.
ഭാര്യാസഹോദരൻ ഹാഷിമിന്റെ മരണവിവരം അറിഞ്ഞ് പെട്ടെന്ന് എയർപോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ദുബായിൽനിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ (ഐഎക്സ് 832) കയറിപ്പറ്റാനുള്ള തിടുക്കത്തിൽ എയർപോർട്ടിലേക്ക് പുറപ്പെട്ടപ്പോൾ പ്രഭാത ഭക്ഷണം കഴിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല ഈ 69 വയസ്സുകാരന്.അതിന്റെ ക്ഷീണവും പാരാവശ്യവും അദ്ദേഹം എയർഹോസ്റ്റസുമായി പങ്കുവെക്കുകയായിരുന്നു.
ചെക്ക്–ഇൻ കൗണ്ടർ അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് (11ന്) എയർപോർട്ടിലെത്തിയത്. വീൽചെയറിലായിരുന്നു സഞ്ചാരം. സഹായത്തിനെത്തിയ ഉദ്യോഗസ്ഥനോട് കഴിക്കാൻ എന്തെങ്കിലും വാങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ തന്നെ ഒരുപാട് വൈകിയെന്നും അതിന് സമയം കിട്ടില്ലെന്നുമായിരുന്നു മറുപടി.
എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ഗേറ്റിലെത്തുമ്പോഴേക്കും ബോർഡിങ് നിര നീണ്ടിരുന്നു. വീൽചെയറിലായതിനാൽ ലിഫ്റ്റ് വഴി നേരെ വിമാനത്തിനകത്ത് എത്തിച്ചു. സ്വാഗതം ചെയ്ത എയർഹോസ്റ്റസിനോട് യഹ്യ കാര്യം പറഞ്ഞു. “പ്രാതൽ കഴിച്ചിട്ടില്ല, അവശനാണ്. പെട്ടെന്ന് എടുത്ത ടിക്കറ്റായതിനാൽ ഭക്ഷണത്തിന് ബുക്ക് ചെയ്യാൻ സാധിച്ചില്ല. യാത്രക്കാർക്ക് കൊടുത്തശേഷം അധികം ഭക്ഷണം ഉണ്ടെങ്കിൽ തരണം, പണം അടയ്ക്കാം.”
“ഞാൻ പരിശോധിക്കാം” പുഞ്ചിരിച്ചുകൊണ്ട് എയർഹോസ്റ്റസ് പറഞ്ഞു. യഹ്യ നേരെ 2-ഡി സീറ്റിലെത്തി. വിമാനം പുറപ്പെട്ടു. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന എല്ലാ യാത്രക്കാർക്കും കാബിൻക്രൂ ഭക്ഷണം വിതരണം ചെയ്തു. അധിക ഭക്ഷണം ഉണ്ടാകാത്തതുകൊണ്ടായിരിക്കാം തനിക്കു ലഭിക്കാതിരുന്നതെന്ന് യഹ്യ കരുതി. വലംകയ്യായിരുന്ന ഹാഷിമിന്റെ വേർപാടിലെ ദുഃഖം അടക്കിപ്പിടിച്ചിരിക്കുമ്പോഴും വിശപ്പ് അസഹനീയമായിരുന്നു.
ആ സമയത്താണ് നേരത്തെ സംസാരിച്ച എയർ ഹോസ്റ്റസ് പ്രത്യേക ട്രേയിൽ ഭക്ഷണവുമായി എത്തിയത്. "ദയവായി ഇത് കഴിക്കൂ." അവർ പറഞ്ഞു. യഹ്യ പണം നൽകിയപ്പോൾ നിരസിച്ചു. "പൈസ വേണ്ട, ഇത് എന്റെ സ്വന്തം ഭക്ഷണമാണ്. രാവിലെ ഒരു നല്ല കാര്യം ചെയ്യാൻ അവസരം നൽകിയതിന് നന്ദി..." എന്നു പറഞ്ഞ് നിറപുഞ്ചിരിയോടെ അവർ മടങ്ങി.
കഴിഞ്ഞ 13 വർഷമായി എയർഹോസ്റ്റസ് ആയി ജോലി ചെയ്യുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കോടോത്ത് അശ്വതി ഉണ്ണികൃഷ്ണൻ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F