കുവൈത്ത് സിറ്റി : ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബഹ്റൈന് പിന്നാലെ കുവൈത്തും സുരക്ഷാ നടപടികൾ ശക്തമാക്കി. രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത് ധനകാര്യ മന്ത്രാലയം അറിയിച്ചതായി ഗൾഫിൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി.
ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത് ധനകാര്യമന്ത്രാലയം എക്സ് പേജിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം,ബഹ്‌റൈനിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പ്രധാന റോഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ഇതിനുപുറമേ ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും ഗവൺമെന്റ് സർവീസുകളിലേയും 70% ജീവനക്കാർക്ക് സിവിൽ സർവീസ് ബ്യൂറോ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തൽസ്ഥിതി തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുൻകരുതലിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F