തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാംദിനത്തിൽ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരും. ആകെയുള്ള 249 മത്സരയിനങ്ങളിൽ 179 എണ്ണം പൂർത്തിയാകുമ്പോൾ 713 പോയിന്‍റുമായി മുൻവർഷത്തെ ജേതാക്കളായ കണ്ണൂരാണ് മുന്നിൽ. 708 വീതം പോയിന്‍റുമായി തൃശൂരും കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. നാലാമതുള്ള പാലക്കാടിന് 702 പോയിന്‍റാണുള്ളത്. ഇന്ന് 60 ഇനങ്ങളിൽ മത്സരം നടക്കും.
ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 123 പോയിന്റുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. 93 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 82 പോയിന്റുമായി ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് മൂന്നാമതുമുണ്ട്.
ഇന്ന് ഒന്നാം വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിളയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം, സംഘനൃത്തം എന്നിവ നടക്കും. രണ്ടാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി, കോൽക്കളി എന്നിവയും നടക്കും. ടാഗോർ തിയേറ്ററിലെ മൂന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടകം, പാളയം സെൻറ് ജോസഫ് എച്ച്.എസ്.എസിലെ ആറാം വേദിയിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി എന്നിവ നടക്കും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാർഥികളാണ് കലാമത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ