കൊച്ചി : ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആർ. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളില്‍ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.അതേസമയം,ജയസൂര്യ ഇപ്പോൾ അമേരിക്കയിലാണ് ഉള്ളതെന്നാണ് വിവരം.മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമാകുന്നത് വരെ അവിടെത്തന്നെ തുടർന്നേക്കുമെന്നാണ് വിവരം.
നടിയുടെ പരാതിയില്‍ ജയസൂര്യക്കു പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തതോടെ ഇവരും മുൻകൂർ ജാമ്യത്തിനായുള്ള നെട്ടോട്ടത്തിലാണ്.
ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.
താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F