ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച,തയാറെടുപ്പുകൾ പൂർത്തിയായി
January 29, 2025
January 29, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ കമ്യുണിറ്റി ഘടകങ്ങളായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്),ഇന്ത്യൻ കൾചറൽ സെന്റർ(ഐ.സി.സി),ഇന്ത്യൻ സ്പോർട്സ് സെന്റർ(ഐ.എസ്.സി) എന്നിവയുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് ജനുവരി 31 വെള്ളിയാഴ്ച നടക്കും.
‘റൈറ്റ് ടു വോട്ട്’ എന്ന പ്ലാറ്റ്ഫോം വഴി ഓൺലൈനായാണ് തെരഞ്ഞെടുപ്പ് നടക്കുക.കഴിഞ്ഞ തവണ ഡിജി പോൾ ആപ് വഴി നടന്ന മുൻ തെരഞ്ഞെടുപ്പ് സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി തവണ തടസ്സപ്പെടുകയും തെരഞ്ഞെടുപ്പിന് വേണ്ടത്ര സുതാര്യതയില്ലെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.പണവും സ്വാധീനവുമുള്ളവർ സ്വന്തം പണം മുടക്കി തങ്ങളുടെ ജീവനക്കാരെയും അടുപ്പമുള്ളവരെയും അംഗത്വമെടുപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ആക്ഷേപവും ശക്തമാണ്.അതേസമയം,തെരഞ്ഞെടുപ്പ് പരമാവധി സുതാര്യമാക്കാനാണ് ഇന്ത്യൻ എംബസിയുടെ ശ്രമം.
വോട്ടെടുപ്പ് ഉറപ്പാക്കാൻ ഇത്തവണ കൂടുതൽ സുതാര്യമായ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്.പൂർണമായും ഇ-മെയിൽ അടിസ്ഥാനമാക്കി നടത്തുന്ന തെരഞ്ഞെടുപ്പിൽ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി അംഗങ്ങളായ വോട്ടർമാർക്ക് അവർ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വഴി Right2Vote പ്ലാറ്റ്ഫോമിൽ വോട്ട് ചെയ്യാൻ കഴിയും.contact@right2vote.in എന്ന വിലാസത്തിൽ നിന്നും വോട്ട് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് പേജിൽ പ്രവേശിക്കും. തങ്ങളുടെ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് അപെക്സ് ബോഡി വോട്ടെടുപ്പ് പ്ലാറ്റ്ഫോം ലോഗിൻ ചെയ്യാം. തുടർന്ന് അതേ രജിസ്റ്റർ മെയിലിലേക്ക് ഒ.ടി.പി ലഭിക്കും.
അത് നൽകിയാണ് പ്ലാറ്റ് ഫോമിൽ പ്രവേശിക്കേണ്ടത്. മൊബൈൽ നമ്പറിലേക്ക് അല്ലാത്തതിനാൽ തടസ്സങ്ങളില്ലാതെ തന്നെ വോട്ടെടുപ്പ് നടപടി പുരോഗമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വോട്ടർ പേജിൽ പ്രവേശിച്ചാൽ ബന്ധപ്പെട്ട അപെക്സ് ബോഡി ലോഗോയും പേരും കാണാം.
ലോഗിൻ ചെയ്ത ശേഷം വോട്ടർ സെൽഫി എടുത്ത് സമർപ്പിക്കണം. തുടർന്ന് ബാലറ്റ് പേജിൽ പ്രവേശിച്ച് തങ്ങളുടെ വോട്ടിങ് പൂർത്തിയാക്കി ‘DONE’ പ്രസ് ചെയ്യുന്നതോടെ പൂർണമാവും. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഒരു വോട്ട് മാത്രമാണ് ചെയ്യാൻ കഴിയുക. മാനേജ്മെന്റ് കമ്മിറ്റികളിലേക്ക് നാലുപേർക്കും വോട്ട് ചെയ്യാം.
സ്ഥാനാർഥി നാമനിർദേശവും സൂക്ഷ്മ പരിശോധനയും ജനുവരി 18ഓടെ പൂർത്തിയാക്കിയിരുന്നു.പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക വിഭാഗമായ ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ എ.പി മണിക്ണഠനും മുൻ ഐ.എസ്.സി-ഐ.ബി.പി.സി വൈസ് പ്രസിഡന്റ് പദവികൾ വഹിച്ച ഷെജി വലിയകത്തുമാണ് മാറ്റുരക്കുന്നത്. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് നന്ദിന അബ്ബഗൗനി, ശാന്താനു സി. ദേശ്പാണ്ഡേ, അഫ്സൽ അബ്ദുൽ മജീദ്, എബ്രഹാം ജോസഫ്, അനു ശർമ, അനിഷ് ജോർജ് മാത്യു, ഷൈനി കബീർ, അനിൽ ബോളോർ എന്നിവരും മത്സര രംഗത്തുണ്ട്.
ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഷാനവാസ് ബാവയും മുൻ ജനറൽ സെക്രട്ടറി സാബിത് സഹീറും തമ്മിലാണ് പ്രധാനമത്സരം. മൂന്നാമനായി സിഹാസ് ബാബു മേലെയിലും പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തുണ്ട്.
മാനേജിങ് കമ്മിറ്റിയിലേക്ക് നിർമല ഗുരു, ജാഫർ തയ്യിൽ, ദീപക് ഷെട്ടി, റഷീദ് അഹമ്മദ്, ദിനേഷ് ഗൗഡ, സന്തോഷ് കുമാർ പിള്ളൈ, മിനി സിബി, പ്രവീൺ കുമാർ ബുയ്യാനി എന്നിവരുമാണുള്ളത്. പ്രവാസി ഇന്ത്യക്കാരുടെ കായിക കൂട്ടായ്മയായ ഐ.എസ്.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഇ.പി അബ്ദുൽറഹ്മാനും ഖത്തറിലെ കായിക സംഘാടനങ്ങളിലൂടെ ശ്രദ്ധേയനായ ആഷിഖ് അഹമ്മദും തമ്മിലാണ് ശക്തമായ മത്സരം.
മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് നിസ്താർ പട്ടേൽ, കിഷോർ നായർ, ഷൈജിൻ ഫ്രാൻസിസ്, അജിത ശ്രീവത്സൻ, ഹംസ യൂസുഫ്, കവിത മഹേന്ദ്രൻ, ദീപക് ചുക്കല, അബ്ദുൽ ബഷീർ തുവാരിക്കൽ എന്നിവരും മത്സരിക്കും.
അപെക്സ് സംഘാടന പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി സ്ഥാനങ്ങൾക്കു പുറമെ അസോസിയേറ്റ് ഓർഗനൈസേഷൻ പ്രതിനിധികളെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.ഐ.സി.സിക്ക് മൂന്നും, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവക്ക് ഓരോ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധി സ്ഥാനങ്ങളുമാണുള്ളത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F