ദുബായ് : ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്ന വാർത്തകൾ നമ്മളൊക്കെ പതിവായി കേൾക്കുന്നതാണ്.എന്നാൽ,ഇന്ത്യയിൽ അന്തരിച്ച പ്രവാസി വ്യവസായിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷ് പ്രകാരം തിരികെ ദുബായിൽ എത്തിച്ച് സംസ്കരിച്ച വേറിട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.ആറ് പതിറ്റാണ്ടായി യുഎഇയിൽ താമസിച്ചിരുന്ന ദുബായ് ആസ്ഥാനമായുള്ള എംഎച്ച് ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുർഭുജ് ദാസ് ഗാന്ധി (85)യുടെ മൃതദേഹമാണ് ദുബായിൽ തിരികെ എത്തിച്ച് സംസ്കരിച്ചത്.
രണ്ട് ദിവസം മുൻപ് തന്റെ ഭാര്യയോട് പറഞ്ഞ ഒരു ഒസ്യത്ത് പ്രകാരമാണ് ഹേംചന്ദ് ഗാന്ധിയുടെ ബന്ധുക്കൾ മൃതദേഹം ദുബായിൽ എത്തിച്ച് സംസ്കരിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അന്തിമ ചടങ്ങുകൾക്കായി നിങ്ങൾ എന്നെ ദുബായിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു അദ്ദേഹം ഭാര്യയോട് പറഞ്ഞേൽപ്പിച്ചത്.. നാല് ദിവസം മുൻപ് അദ്ദേഹത്തിന് നേരിയ തോതിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായും മകൻ മനീഷ് പറഞ്ഞു.തനിക്ക് മികച്ച ജീവിതം തന്ന മണ്ണിൽ തന്നെ വേണം തനിക്ക് അവസാന നിദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമെന്നും മകൻ വ്യക്തമാക്കി.ദുബായിലെത്തിച്ച മൃതദേഹം ജബൽ അലിയിലെ പുതിയ സെമിത്തേരിയിലാണ് സംസ്കരിച്ചത്.
മുംബയിൽ എത്തിയ അദ്ദേഹത്തിന് ചൊവ്വാഴ്ച പുലർച്ചെ കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. സംഭവസമയത്ത് ഭാര്യ റീത്തയും വീട്ടുജോലിക്കാരിയും ഒപ്പമുണ്ടായിരുന്നു. അവർ ഉടനെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിലേക്ക് മടങ്ങേണ്ടിയിരുന്ന അതേ ദിവസം തന്നെയാണ് ഹേംചന്ദ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കുടുംബം ദുബായിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. മനീഷിനെ കൂടാതെ, ശിൽപ, ജൽപ എന്നീ മക്കളും ഇവർക്കുണ്ട്.
അതേസമയം,ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ മരിച്ച ഒരു ഇന്ത്യക്കാരന്റെ മൃതദേഹം യു.എ.ഇയിൽ എത്തിച്ച് സംസ്കരിക്കുന്നത്.ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിന് ഒരു പ്രോട്ടോക്കോൾ നിലവിലില്ലാത്തതിനാൽ തനിക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നതായി മകൻ പറഞ്ഞു.രണ്ട് ദിവസത്തിനുള്ളിൽ തന്നെ എല്ലാ അനുമതികളും നേടാൻ കഴിഞ്ഞുവെന്നും രേഖകളെല്ലാം പെട്ടെന്ന് ശരിയാക്കി. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ പൊലീസ്, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം, മുംബൈയിലെ യുഎഇ കോൺസലേറ്റ്, യുഎഇ വിദേശകാര്യ മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് മുനിസിപാലിറ്റി എന്നിവരുടെ സഹായം വളരെ വലുതായിരുന്നുവെന്നും മകൻ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0